BIJU|
Last Modified ചൊവ്വ, 27 നവംബര്‍ 2018 (14:43 IST)
കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്നത് മമ്മൂട്ടിയുടെ സ്വഭാവമാണ്. അത് ആരോടായാലും, ഏത് സാഹചര്യത്തിലായാലും. പറയാനുള്ളത് പറഞ്ഞിരിക്കും. അല്ലാതെ മനസില്‍ കൊണ്ടുനടന്ന് അതിനനുസരിച്ച് പെരുമാറുന്ന പരിപാടിയൊന്നുമില്ല.
നടി
പ്രവീണ സിനിമയില്‍ വന്ന കാലം. ‘എഴുപുന്ന തരകന്‍’ എന്ന മമ്മൂട്ടിച്ചിത്രത്തില്‍ പ്രവീണ അഭിനയിച്ചുകൊണ്ടിരിക്കുന്നു. ആ ലൊക്കേഷനിലേക്ക് ഒരുദിവസം പ്രവീണയ്ക്ക് ഒരു സംവിധായകന്‍റെ കോള്‍ വന്നു. പ്രവീണയുടെ അച്ഛനാണ് ഫോണ്‍ അറ്റന്‍ഡ് ചെയ്തത്.
പുതിയ പ്രൊജക്ടിന്‍റെ കാര്യം പറയാനാണെന്ന് പറഞ്ഞപ്പോള്‍ തന്നോട് കഥയും കാര്യങ്ങളുമെല്ലാം പറഞ്ഞുകൊള്ളാന്‍ പ്രവീണയുടെ അച്ഛന്‍ പറഞ്ഞു. എന്നാല്‍ വിളിച്ചയാള്‍ക്ക് പ്രവീണയോടുതന്നെ സംസാരിക്കണം. താനാണ് കാര്യങ്ങള്‍ നോക്കുന്നതെന്നും എല്ലാ കാര്യങ്ങളും തന്നോട് പറയാനും അച്ഛന്‍ പറഞ്ഞിട്ടും അയാള്‍ പ്രവീണയോട് സംസാരിക്കണം എന്നതില്‍ ഉറച്ചുനിന്നു. പ്രവീണയുടെ അച്ഛന് ദേഷ്യം വന്നു. ‘എങ്കില്‍ നിങ്ങളുടെ ചിത്രം ചെയ്യുന്നില്ല’ എന്നുപറഞ്ഞ് അച്ഛന്‍ ഫോണ്‍ വച്ചു.
പിറ്റേന്ന് ഇക്കാര്യം പ്രവീണ മമ്മൂട്ടിയോട് പറഞ്ഞു. രണ്ടുമൂന്ന് ചിത്രങ്ങള്‍ ചെയ്തിട്ടുള്ള സംവിധായകനാണ് ഫോണ്‍ ചെയ്തത്. അപ്പോള്‍ തന്നെ മമ്മൂട്ടി അയാളെ വിളിച്ചു. “നിങ്ങളുടേതുപോലെയുള്ള കച്ചറ സിനിമകളില്‍ പ്രവീണ അഭിനയിക്കില്ല. അവള്‍ നല്ല കുടുംബത്തില്‍ ജനിച്ച കുട്ടിയാണ്” - എന്ന് പറഞ്ഞു.
പിന്നീട് പ്രവീണയ്ക്ക് ഒരു ഉപദേശവും മമ്മൂട്ടിയുടെ വക. “ഇതുപോലെ നിറയെ കോളുകള്‍ വരും. നിറയെ ആളുകള്‍ വിളിക്കും. അതിലൊന്നും പോയി ചാടരുത്. നല്ല കഥ, നല്ല സംവിധായകന്‍ ഒക്കെ നോക്കി പടം തെരഞ്ഞെടുത്താല്‍ നിനക്ക് നല്ലൊരു ഭാവി ഉണ്ടാകും” എന്ന്. ഇന്നും പ്രവീണ ആ ഉപദേശത്തിന് ഏറെ മൂല്യം കല്‍പ്പിക്കുന്നു.