ലാല്‍ - പ്രിയന്‍ കൂട്ടുകെട്ടിന്‍റെ ആ അധോലോക ത്രില്ലര്‍ നടന്നിരുന്നെങ്കില്‍...!

മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, ധനുഷ്കോടി, ശ്രീനിവാസന്‍, ഷാജി കൈലാസ്, Priyadarshan, Dhanushkodi, Sreenivasan, Mohanlal, Shaji Kailas
BIJU| Last Modified ബുധന്‍, 27 ഡിസം‌ബര്‍ 2017 (20:46 IST)
ആര്യന്‍ എന്ന മെഗാഹിറ്റിന് ശേഷം അധോലോകത്തിന്‍റെയും മയക്കുമരുന്ന് മാഫിയയുടെയും ഒരു കഥ കൂടി സിനിമയാക്കണമെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ ആഗ്രഹിച്ച കാലം. 1989ല്‍ ടി ദാമോദരന്‍ പറഞ്ഞ ഒരു കഥ പ്രിയന് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ‘ധനുഷ്കോടി’ എന്ന പേരില്‍ ഒരു ബിഗ് ബജറ്റ് അണ്ടര്‍വേള്‍ഡ് ത്രില്ലറിന് പ്രിയദര്‍ശന്‍ തുടക്കം കുറിച്ചത്.

മോഹന്‍ലാല്‍, രഘുവരന്‍, നിഴല്‍കള്‍ രവി, ശ്രീനിവാസന്‍ തുടങ്ങിയവരായിരുന്നു താരങ്ങള്‍. വന്ദനത്തിലെ നായികയായിരുന്ന ഗിരിജ ഷെട്ടാറിനെ ധനുഷ്കോടിയിലും നായികയായി നിശ്ചയിച്ചു. ജയാനന്‍ വിന്‍‌സന്‍റ് ആയിരുന്നു ക്യാമറാമാന്‍. ഔസേപ്പച്ചന്‍ സംഗീതവും.

ചെന്നൈ കേന്ദ്രമാക്കി ദക്ഷിണേന്ത്യയിലെ മയക്കുമരുന്ന് വ്യാപാരമായിരുന്നു ധനുഷ്കോടിയുടെ പ്രമേയം. ശ്രീനിവാസന്‍ ഒരു രഹസ്യപ്പോലീസുകാരനായി അഭിനയിച്ചു. പുറം‌ലോകത്തിന് അയാള്‍ ഒരു ജേര്‍ണലിസ്റ്റായിരുന്നു. ആ വേഷപ്പകര്‍ച്ചയ്ക്ക് പിന്നില്‍ ചില ലക്‍ഷ്യങ്ങളുണ്ടായിരുന്നു. രഘുവരന്‍ അവതരിപ്പിക്കുന്ന മയക്കുമരുന്ന് മാഫിയാ തലവനെ പിടികൂടുക.

അങ്ങനെയിരിക്കെയാണ് ശ്രീനിവാസന്‍ തന്‍റെ പഴയകാല സുഹൃത്തായ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ കണ്ടുമുട്ടുന്നത്. അയാള്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. തന്‍റെ ലക്‍ഷ്യം ശ്രീനിവാസന്‍ മോഹന്‍ലാലിനോട് തുറന്നുപറയുന്നു. അന്വേഷണം പുരോഗമിക്കവേ ആ ഞെട്ടിക്കുന്ന സത്യം ശ്രീനിവാസന്‍ മനസിലാക്കുന്നു. തന്‍റെ ആത്മാര്‍ത്ഥ സുഹൃത്തായ മോഹന്‍ലാലാണ് രഘുവരനെ നിയന്ത്രിക്കുന്ന മാഫിയാ തലവന്‍ എന്ന്. അതോടെ കഥ വഴിത്തിരിവിലെത്തുന്നു.

ചിത്രീകരണം പുരോഗമിക്കവേ പ്രിയദര്‍ശനും ടീമും ഈ സിനിമ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടു. കാരണം, അത്ര വലിയ ബജറ്റിലല്ലാതെ ഈ സിനിമയിലെ ആക്ഷന്‍ രംഗങ്ങളും ചേസ് രംഗങ്ങളുമൊന്നും ചിത്രീകരിക്കാന്‍ കഴിയുമായിരുന്നില്ല. അതോടെ, ഏറെ ദുഃഖത്തോടെ എല്ലാവരും ചേര്‍ന്ന് ഒരു തീരുമാനമെടുത്തു - ‘ധനുഷ്കോടി’ വേണ്ടെന്നുവയ്ക്കുക! ഇന്നായിരുന്നു ആ സിനിമ ആലോചിച്ചിരുന്നതെങ്കില്‍ അത് ഈസിയായി പൂര്‍ത്തിയാക്കാമായിരുന്നു. 25 കോടി ബജറ്റിലെടുത്ത സിനിമ 100 കോടിയുടെ ബിസിനസും കടന്നു കുതിക്കുമ്പോള്‍ ഏത് ധനുഷ്കോടിയും സാധ്യമാകുമെന്നത് ഉറപ്പ്.

ആ സിനിമ സംഭവിച്ചിരുന്നെങ്കില്‍ മികച്ച ഒരു അധോലോക ത്രില്ലര്‍ മലയാളത്തിന് ലഭിക്കുമായിരുന്നു. പിന്നീട് പ്രിയദര്‍ശന്‍ ‘അഭിമന്യു’ എന്ന അധോലോക സിനിമയെടുത്ത് ധനുഷ്കോടിക്ക് പ്രായശ്ചിത്തം ചെയ്തു!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :