ഇവള്‍ സിജെയുടെ പ്രിയ റോസി
വെബ്‌ദുനിയ ലിറ്ററേച്ചര്‍ ഡെസ്‌ക്
PRO
PRO“ഈ പുസ്തകം ഒരു വിലാപകൃതിയാവരുത് എന്നെനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. കാരണം അത്തരം സെന്‍റിമെന്‍റലിസത്തെ ഞാന്‍ വെറുക്കുന്നു”വെന്നാണ് സി ജെയെക്കുറിച്ചെഴുതിയ പുസ്‌തകത്തെ പരാമര്‍ശിച്ച് അവര്‍ പറഞ്ഞത്. റോസി വാക്കുകളില്‍ പുലര്‍ത്തിയ ഈ ധീരതയും ധിക്കാരവും ഒരുപക്ഷേ എംപി പോള്‍ എന്ന ധീരനായ അച്‌ഛനില്‍ നിന്നായിരിക്കണം അവര്‍ക്ക് ലഭിച്ചത്. കലാപകാരിയായ ജീവിച്ച ഭര്‍ത്താവ് തന്‍റെ ജീവിതത്തെ എങ്ങനെ സ്വധീനിച്ചു എന്നതിന്‍റെ സാക്‌ഷ്യമായിരുന്നു റോസിയുടെ ‘ഇവന്‍ എന്‍റെ പ്രിയ സിജെ’. വിചിത്രമായി തോന്നാവുന്ന സ്വഭാവ വിശേഷങ്ങള്‍ ഉണ്ടായിരുന്ന സിജെയെ പച്ചയായി വായനക്കാര്‍ക്ക് മുന്നിലെത്തിച്ചപ്പോള്‍ മലയാള സാഹിത്യത്തിനു ലഭിച്ചത് അപൂര്‍വ ഭാഗ്യമായിരുന്നു.
ആദ്യമായി സി ജെയെ കണ്ടതിനെക്കുറിച്ച് പുസ്‌തകത്തില്‍ റോസി വിശദീകരിക്കുന്നതിങ്ങനെ. “അസാധാരണമായി മെലിഞ്ഞ ദേഹപ്രകൃതി. സാധാരണ പൊക്കമുണ്ടെങ്കിലും ചെമ്മീന്‍റെ ആകൃതിയില്‍ത്തന്നെ ഇരിക്കണമെന്നു നിര്‍ബന്ധമുള്ളതു പോലെ തോന്നും നടപ്പിലും ഇരിപ്പിലുമൊക്കെ. അന്നത്തെ അദ്ധ്യാപകന്‍റെ സ്റ്റൈലില്‍ ഒരു ഷാള്‍ കഴുത്തില്‍ വളച്ചിട്ടിരുന്നു...”. ഭാഷയിലെ ഈ ലാളിത്യം പുസ്‌തകത്തിന്‍റെ ആദ്യാവസാനം റോസി കാത്തു സൂക്ഷിച്ചിട്ടുണ്ട്. 'ഒറ്റയിരുപ്പിനു വായിച്ചുതീര്‍ത്ത പുസ്‌തകം’ എന്നാണ് എം ടി ഇതിനെ വിശേഷിപ്പിച്ചത്. ജീവിച്ചിരുന്ന ഭാര്യ മണ്‍മറഞ്ഞുപോയ ഭര്‍ത്താവിന് അര്‍പ്പിച്ച പ്രേമോപഹാരം മലയാളിയുടെ കൈയിലെത്തിയപ്പോള്‍ വായനയുടെ ഉത്സവത്തിനായിരുന്നു തുടക്കമിട്ടത്.
‘ആനി’യാണ് റോസി തോമസിന്‍റെ മറ്റൊരു കൃതി. പശ്ചിമകേരളത്തിലെ സുറിയാനി ക്രിസ്‌ത്യന്‍ പശ്ചാത്തലത്തിലുള്ള നോവലായിരുന്നു ഇത്. ശരീരത്തില്‍നിന്ന് മനസ്സിന്‍റെ വിശുദ്ധിയിലേക്ക് ഒഴുകിയെത്തുന്ന സ്‌നേഹത്തിന്‍റെ സ്‌പര്‍ശാനുഭൂതിയായിരുന്നു ആനി പകര്‍ന്നുതന്നത്. ഭാര്യയുടെ കെട്ടുപാടുള്‍ക്കിടയിലും തനിക്ക് സാന്ത്വനമായി ലഭിച്ച സ്‌നേഹബന്ധത്തിന്‍റെ ഇടയില്‍പെട്ട ഒരു പെണ്‍കുട്ടിയുടെ തീവ്രമായ അനുഭവങ്ങളായിരുന്നു ‘ആനി’യിലൂടെ റോസി പറഞ്ഞത്.
സമൂഹത്തോടു കലഹിച്ചു നിന്ന സിജെയുടെയും റോസിയുടെയും കഥ പിന്നീട് മലയാളത്തിന്‍റെ പ്രിയ കഥാകാരനായ പെരുമ്പടവം നോവലാക്കിയിരുന്നു. ‘ഒരു കീറ് ആകാശം’ എന്നായിരുന്നു ഈ കൃതിയുടെ പേര്.
കൃതികളുടെ എണ്ണം കൊണ്ടല്ല മലയാളിയുടെ മനസ്സില്‍ റോസി സ്ഥാനം നേടിയത്. പുസ്‌തകങ്ങളുടെ എണ്ണത്തില്‍ അറിയപ്പെടണമെന്ന നിര്‍ബന്ധവും അവര്‍ക്ക് ഒരിക്കലും ഉണ്ടായിരുന്നില്ല. വെറുതെ എന്തെങ്കിലും എഴുതാനും റോസി തയ്യാറായിരുന്നില്ല. ‘എഴുതാന്‍ തുടങ്ങുമ്പോള്‍ അക്ഷരങ്ങള്‍ എന്‍റെ കണ്ണുനീരില്‍ കുതിരാത്ത കാലത്തു മാത്രമേ ഞാന്‍ അതിനു മുതിരുകയുള്ളൂ’ എന്നായിരുന്നു ഇതേക്കുറിച്ച് റോസി പറഞ്ഞിരുന്നത്. ഒടുവില്‍ ഒരു ചരിത്രം മുഴുവന്‍ ഓര്‍മ്മയാക്കി അനിവാര്യമായ മരണത്തിലേക്ക് റോസി യാത്രയായപ്പോള്‍ അതൊരു തലമുറയുടെ നഷ്‌ടം കൂടിയാകുന്നു.
