BIJU|
Last Modified തിങ്കള്‍, 8 ജനുവരി 2018 (17:05 IST)
പുരാവൃത്തങ്ങളുടെ പഴംപെരുമയില്‍ പൊന്നമ്പലമേട്ടിലെ മകരസംക്രമണ സന്ധ്യയില്‍ തിളങ്ങുന്ന ദിവ്യജ്യോതിസ് കാണുന്ന ഭക്തസഹസ്രങ്ങള്‍ക്ക് ദര്‍ശനസായൂജ്യം. യുക്തിയെ ഭക്തി കീഴടക്കുന്ന അഭൗമതേജസ്സിന്‍റെ അഗ്നിജ്വാലകളത്രെ, ധനുരാശി മകരരാശിയിലേക്ക് സംക്രമിക്കുന്ന തൃസന്ധ്യയില്‍ പൊന്നമ്പലമേട്ടില്‍ തെളിയുന്നത്. ഈ വിശ്വാസത്തിന്‍റെ ശക്തിയാണ് മകരവിളക്കിനെ മകരവിളക്കാക്കുന്നത്.
മകരസംക്രാന്തി
സൂര്യന്‍ ധനുരാശിയില്‍ നിന്ന് മകരരാശിയിലേക്ക് കടക്കുന്ന സമയമാണ് മകരസംക്രാന്തി. കേരളത്തില്‍ മകരസംക്രാന്തിയോടനുബന്ധിച്ചാണ് മകരവിളക്ക് ആരംഭിക്കുന്നത്. തമിഴ് നാട്ടില്‍ മകരസംക്രാന്തിയുമായി ബന്ധപ്പെട്ടാണ് പൊങ്കല്‍ ഉത്സവം നടക്കുന്നത്.
മകരവിളക്ക്
മകരമാസം ഒന്നാം തീയതിയാണ് മകരവിളക്ക് ഉല്‍സവം ആരംഭിക്കുക. മാളികപ്പുറത്തമ്മയെ എഴുന്നെളളിച്ച് പതിനെട്ടാം പടിവരെ കൊണ്ട് വരും. പിന്നീട് ‘വേട്ടവിളി'യെന്ന ചടങ്ങ് നടക്കും. "കന്നി അയ്യപ്പന്മാര്‍ വന്നിട്ടുണ്ടോ'? എന്ന് വിളിച്ച് ചോദിക്കുന്നതാണ് വേട്ടവിളി. ഏതെങ്കിലുമൊരു വര്‍ഷം കന്നി അയ്യപ്പന്മാര്‍ മലചവിട്ടാതെ വരികയാണെങ്കില്‍ അയ്യപ്പന്‍ മാളികപ്പുറത്തമ്മയെ വിവാഹം കഴിക്കാമെന്ന് സത്യം ചെയ്തിട്ടുണ്ടെന്നാണ് കഥ.
"കന്നി അയ്യപ്പന്മാര്‍ വന്നിട്ടുണ്ടോ' എന്ന മാളികപ്പുറത്തമ്മയുടെ ചോദ്യത്തിന് "ശരംകുത്തിയില്‍ പോയി നോക്കൂ' എന്ന് ഉത്തരം നല്‍കുന്നു. കന്നി അയ്യപ്പന്മാര്‍ മല കയറുന്നതിന് മുന്പ് ശരംകുത്തിയില്‍ ശരം കുത്തിനിര്‍ത്തും. ആലിന്‍റെ അടുത്ത് ചെന്ന് മാളികപ്പുറത്തമ്മ അവിടെ കുത്തിയശരങ്ങള്‍ കണ്ട് വിഷാദത്തോടെ തിരികെ പോകുന്നു. അടുത്ത കൊല്ലവും ഈ ചടങ്ങ് ആവര്‍ത്തിക്കും.
ജ്യോതിദര്‍ശനം പുണ്യദര്‍ശനം
മകരവിളക്ക് ചടങ്ങുകള്‍ സമാപിക്കുന്ന ദിവസം വൈകുന്നേരം 6. 40ന് മകരജ്യോതി തെളിയും. മകരജ്യോതി കണ്ട് വന്ദിക്കുക എന്നത് ഓരോ അയ്യപ്പഭക്തനും ജന്മസാഫല്യമാണ്. മകരജ്യോതി ആകാശത്ത് തെളിയുമ്പോള്‍ കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കും. ജനസഹസ്രങ്ങളാണ് ജ്യോതിദര്‍ശനത്തിനായി ശബരിമലയിലെത്തുന്നത്.