WEBDUNIA|
Last Modified ശനി, 1 ജൂണ്‍ 2024 (07:03 IST)
Lok Sabha Election 2024 - Exit Poll Results
Lok Sabha Election 2024, Exit Poll results: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്നുമുതല്‍. ഇന്ന് നടക്കുന്ന ഏഴാം ഘട്ട വോട്ടെടുപ്പിനു ശേഷമാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടുക. വോട്ടെടുപ്പിനു ശേഷം നടക്കുന്ന സര്‍വെ ആയതിനാല്‍ എക്‌സിറ്റ് പോളുകള്‍ക്ക് പ്രീ പോള്‍ സര്‍വെകളേക്കാള്‍ ആധികാരികത ഉണ്ടായിരിക്കും. ജൂണ്‍ നാലിനാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍.
2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം നടന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യഥാര്‍ഥ തിരഞ്ഞെടുപ്പ് ഫലങ്ങളുമായി ഏറെക്കുറെ അടുത്ത് നില്‍ക്കുന്നതായിരുന്നു. യുപിഎ സര്‍ക്കാരിനെ പുറത്താക്കി എന്‍ഡിഎ അധികാരത്തിലെത്തുമെന്ന് 2014 ലെ എക്‌സിറ്റ് പോളും മോദിക്ക് ഭരണത്തുടര്‍ച്ച ഉറപ്പെന്ന് 2019 ലെ എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നു. അതിനാല്‍ തന്നെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ജൂണ്‍ നാലിലെ വോട്ടെണ്ണലിന്റെ സൂചനയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
2014 ല്‍ എന്‍ഡിഎ 336 സീറ്റുകളുമായി അധികാരത്തിലെത്തി. യുപിഎയ്ക്ക് കിട്ടിയത് 60 സീറ്റുകള്‍ മാത്രം. ഇതില്‍ ബിജെപിക്ക് തനിച്ച് 282 സീറ്റുകളുമായി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഉണ്ടായിരുന്നു. 2014 ലെ എക്‌സിറ്റ് പോളില്‍ എന്‍ഡിഎയ്ക്ക് 340 സീറ്റുകളും യുപിഎയ്ക്ക് 70 സീറ്റുകളുമാണ് ന്യൂസ് 24-ചാണക്യ പ്രവചിച്ചത്. എന്‍ഡിഎയ്ക്ക് 289 സീറ്റും യുപിഎയ്ക്ക് 101 സീറ്റുകളുമാണ് ഇന്ത്യ ടിവി-സി വോട്ടര്‍ സര്‍വെ 2014 ല്‍ പ്രവചിച്ചത്. സിഎന്‍എന്‍ ഐബിഎന്‍-സി.എസ്.ഡി.എസ് സര്‍വെ, എന്‍ഡിടിവി-ഹന്‍സ റിസര്‍ച്ച് സര്‍വെ, ഇന്ത്യ ടുഡെ-സിസറോ സര്‍വെ എന്നിവയെല്ലാം 2014 ല്‍ എന്‍ഡിഎയ്ക്ക് 270 ല്‍ കൂടുതല്‍ സീറ്റുകള്‍ പ്രവചിച്ചിരുന്നു.
2019 ലേക്ക് എത്തിയപ്പോള്‍ എല്ലാ എക്‌സിറ്റ് പോള്‍ സര്‍വെകളും മോദിക്ക് ഭരണത്തുടര്‍ച്ച പ്രവചിച്ചു. അതേപടി സംഭവിക്കുകയും ചെയ്തു. 352 സീറ്റുകള്‍ നേടി എന്‍ഡിഎ അധികാരത്തിലെത്തുമെന്നാണ് ഇന്ത്യ ടുഡെ - ആക്‌സിസ് സര്‍വെ പ്രവചിച്ചത്. എന്‍ഡിഎയ്ക്ക് 350 സീറ്റുകള്‍ ഉറപ്പെന്നായിരുന്നു ന്യൂസ് 24-ടുഡെയ്ക്ക് ചാണക്യയുടെ എക്‌സിറ്റ് പോള്‍ പ്രവചനം. ടൈംസ് നൗ-വിഎംആര്‍ സര്‍വെ എന്‍ഡിഎയ്ക്ക് 306 സീറ്റുകളും ഇന്ത്യ ടിവി-സിഎന്‍എക്‌സ് സര്‍വെ 300 സീറ്റുകളും പ്രവചിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 353 സീറ്റുകള്‍ നേടി എന്‍ഡിഎ അധികാരം നിലനിര്‍ത്തി.