Last Modified വെള്ളി, 29 മാര്‍ച്ച് 2019 (10:02 IST)
വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ മനസ്സ് തുറക്കാതെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അദ്ദേഹം വയനാട്ടിൽ മത്സരിക്കില്ലെന്നാണ് ഇപ്പോഴത്തെ സൂചന. കേരള നേതൃത്വത്തിനും ഇക്കാര്യത്തിൽ ഇപ്പോൾ പ്രതീക്ഷയില്ല.കോൺഗ്രസുമായി ദേശീയ തലത്തിൽ സഖ്യത്തിലുള്ള നേതാക്കൾ രാഹുൽ കേരളത്തിൽ മത്സരിക്കരുതെന്ന സമ്മർദം ശക്തമാക്കിയതിനാലാണ് തീരുമാനം വൈകുന്നതെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.മതേതര ബലദിലുള്ള ശ്രമത്തിൽ കൂടെ നിൽക്കുന്ന ഇടതുപക്ഷത്തിനെതിരെ മത്സരിക്കരുതെന്നാണ് സുഹൃദ് പാർട്ടികൾ ആവശ്യപ്പെടുന്നത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും നേരിട്ടല്ലാതെ ഇക്കാര്യം രാഹുലിനെ ധരിപ്പിച്ചു.
അതേസമയം രാഹുൽ വടക്കൻ കർണ്ണാടകത്തിലെ ഏതെങ്കിലും ഒരു മണ്ഡലത്തിൽ മത്സരിക്കണമെന്ന് സഖ്യകക്ഷികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപിക്കു സ്വാധീനമുള്ള മേഖലയിൽ രാഹുൽ മത്സരിക്കുന്നത് കോൺഗ്രസ്- ജനതാദൾ സഖ്യത്തിന് കരുത്ത് പകരുമെന്നാണ് വാദം.
ചിക്കോടി, ബദർ മണ്ഡലങ്ങളാണിവിടെ രാഹുലിനായി മുന്നോട്ടുവച്ചിട്ടുള്ളത്. കോൺഗ്രസിലെ പ്രകാശ് ബാബന്ന ഹുക്കോരി 2014ൽ 3003 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചിക്കോടിയിൽ നിന്ന് ജയിച്ചത്. ഇത്തവണ കോൺഗ്രസും ജനതാദളും സഖ്യത്തിലായതിനാൽ വൻ ഭൂരിപക്ഷത്തിന് രാഹുൽ ജയിക്കുമെന്നാണ് മല്ലികാർജുൻ ഖാർഗെ ഹൈക്കമാൻഡിനെ അറിയിച്ചത്.