Last Modified ശനി, 16 മാര്‍ച്ച് 2019 (15:50 IST)
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കോണ്‍ഗ്രസ്. മത്സരിക്കാനില്ലെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ അറിയിച്ചു. മുല്ലപ്പള്ളി രാമചന്ദ്രനും, കെസി വേണുഗോപാലും മത്സരരംഗത്തില്ല.
ഉമ്മന്‍ചാണ്ടി കേരള രാഷട്രീയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെസി വേണുഗോപാലിന് ദില്ലിയില്‍ തിരക്കുകളുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. മിടുക്കന്‍മാരും ചുണക്കുട്ടികളുമടങ്ങിയ പട്ടികയാണ് കോണ്‍ഗ്രസിന്റേത്, തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ജയസാധ്യത ഉറപ്പു വരുത്താന്‍ ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന് നേതാക്കള്‍ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ തുടക്കം മുതലെ മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. ഇതേ തുടര്‍ന്ന് ഹൈക്കമാന്റ് ഉമ്മന്‍ചാണ്ടിയെ ദില്ലിക്ക് വിളിപ്പിച്ചെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
വയനാട് ഇടുക്കി മണ്ഡലത്തെ ചൊല്ലിയുളള ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം നീളുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.