രാഹുൽ ഗാന്ധി വയനാട് തെരഞ്ഞെടുത്തതിന്റെ 4 കാരണങ്ങൾ

ബിജെപിക്കെതിരെയാണ് രാഹുല്‍ ഗാന്ധി മത്സരിക്കേണ്ടതെന്ന അഭിപ്രായമാണ് ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉയര്‍ന്നത്.

Last Modified തിങ്കള്‍, 1 ഏപ്രില്‍ 2019 (12:47 IST)
ദിവസങ്ങള്‍ നീണ്ട് നിന്ന അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും എന്ന് സ്ഥിരീകരിച്ചത്. നേരത്തെ തീരുമാനിച്ചിരുന്ന ടി സിദ്ധിഖിനെ മാറ്റി രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് എന്ന വാര്‍ത്ത വന്നപ്പോള്‍ തന്നെ സ്വാഗതം ചെയ്തും വിമര്‍ശനം ഉന്നയിച്ചും സ്വരങ്ങളുയർന്നിരുന്നു. ബിജെപിക്കെതിരെയാണ് രാഹുല്‍ ഗാന്ധി മത്സരിക്കേണ്ടതെന്ന അഭിപ്രായമാണ് ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉയര്‍ന്നത്. എന്‍സിപിയും ശരത് യാദവും അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ രാഹുല്‍ വയനാട്ടില്‍ മത്സരിക്കരുത് എന്ന നിലപാടെടുത്തു. ഇതിനെ തുടര്‍ന്ന് രാഹുലിന്റെ തീരുമാനം വളരെ വൈകി. അവസാനം രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും തീരുമാനമെടുത്തിരിക്കുന്നു, അമേത്തിയോടൊപ്പം വയനാട്ടില്‍ തന്നെ മത്സരിക്കാന്‍. അവസാനം ഈ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ച ചില ഘടകങ്ങളുണ്ട്. അവ ഇതാണ്.

വടക്കേ ഇന്ത്യയോടൊപ്പം തെക്കേ ഇന്ത്യയിലും മത്സരിക്കുന്നത് പ്രതിപക്ഷത്തെ മുഖ്യകക്ഷി എന്ന നിലയ്ക്ക് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കോണ്‍ഗ്രസിനും ഘടകകക്ഷികള്‍ക്കും സാധിക്കും. ആന്ധ്രയിലും തെലങ്കാനയിലും തകര്‍ന്ന് കിടക്കുന്ന കോണ്‍ഗ്രസ് സംവിധാനത്തെ ഉണര്‍ത്താനും ഈ തീരുമാനം സഹായിക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. കോണ്‍ഗ്രസ് സഖ്യത്തിന് മുഴുവന്‍ സീറ്റുകളിലും വിജയിക്കാന്‍ കഴിയുന്ന വളരെ കുറച്ച് സംസ്ഥാനങ്ങളിലൊന്നായാണ് കേരളത്തെ കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്. ഇടതുപക്ഷ കോട്ടകളായ ആറ്റിങ്ങലും ആലത്തൂരും വരെ ഇക്കുറി മികച്ച സ്ഥാനാര്‍ത്ഥികളെയാണ് രംഗത്തിറക്കിയിട്ടുള്ളതെന്നും രാഹുലിന്റെ സാന്നിദ്ധ്യം ഈ സീറ്റുകളിലടക്കം വിജയം നേടാന്‍ സഹായിക്കുമെന്നും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം കരുതുന്നു. ബിജെപിയില്‍ നിന്ന് ശക്തമായി വെല്ലുവിളി നേരിടുന്ന തിരുവനന്തപുരം സീറ്റില്‍ ശശി തരൂരിനെ വിജയത്തിലെത്തിക്കാനും രാഹുലിന്റെ സാന്നിദ്ധ്യം ആവശ്യമാണെന്ന് കോണ്‍ഗ്രസ് കരുതുന്നു.

ബിജെപിക്ക് സ്വാധീനമുള്ള കര്‍ണാടകത്തിലാണ് രാഹുല്‍ മത്സരിക്കേണ്ടത് എന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ വയനാടിനേക്കാള്‍ വിജയ സാധ്യതയുള്ള ഒരു മണ്ഡലവും കര്‍ണാടകത്തില്‍ ഇല്ല എന്നതും രാഹുല്‍ കേരളത്തിലേക്ക് വരുന്നതിന് കാരണമായി. കര്‍ണാടകത്തിലെ ബീദര്‍ മണ്ഡലത്തേക്കാള്‍ സുരക്ഷിതമാണ് വയനാട് എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.കര്‍ണാടകത്തില്‍ ജനതാദളും കോണ്‍ഗ്രസും ചേര്‍ന്ന സഖ്യത്തിന് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കഴിയും എന്ന അവസ്ഥയാണ് ഉള്ളത് എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. സമാന അവസ്ഥയാണ് തമിഴ്‌നാട്ടിലും, രാഹുല്‍ ഗാന്ധി തന്നെ പ്രധാനമന്ത്രിയാവണം എന്ന് അഭിപ്രായപ്പെടുന്ന എംകെ സ്റ്റാലിന്റെ ഡിഎംകെയ്ക്കും കോണ്‍ഗ്രസിനും മികച്ച പ്രകടനം കാഴ്ചവെക്കാവുന്ന സാഹചര്യമാണ് ഉള്ളത് എന്ന് ഹൈക്കമാന്‍ഡ് കരുതുന്നു. രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നതിലൂടെ ഈ രണ്ട് സംസ്ഥാനങ്ങളിലും സീറ്റുകള്‍ തൂത്തുവാരാന്‍ സഹായിക്കുമെന്ന് തന്നെയാണ് ഹൈക്കമാന്‍ഡ് കരുതുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :