ഇന്ത്യക്ക് ഒരിക്കലും പ്രയോജനപ്പെടുത്താന്‍ കഴിയാതെ പോയ പ്രതിഭാധനനായ വലങ്കയ്യന്‍ ബാറ്റ്സ്മാന്‍. തിരുവനന്തപുരത്ത് ജനിച്ചെങ്കിലും ഡല്‍ഹിക്ക് വേണ്ടിയാണ് കൃഷ്ണന്‍ ഭാസ്ക്കര്‍ പിള്ള എന്ന കെ പി ഭാസ്ക്കര്‍ പാഡണിഞ്ഞിരുന്നത്. പുറത്താകാതെ നേടിയ ഇരട്ട സെഞ്ച്വറി ഉള്‍പ്പടെ 18 ഫസ്റ്റ്ക്ലാസ് സെഞ്ച്വറികളും 5443 ഫസ്റ്റ്ക്ലാസ് റണ്‍സും നേടിയിട്ടുള്ള ഭാസ്ക്കറിന് നിര്‍ഭാഗ്യം കൊണ്ട് മാത്രം പലവട്ടം ഇന്ത്യന്‍ ടീമിലെത്താനുള്ള അവസരം നഷ്ടമായിട്ടുണ്ട്. ശ്രീലങ്കന്‍ പര്യടനത്തിനുള്ള 1985ലെ ഇന്ത്യന്‍ ടീമില്‍ പകരക്കാരനായി തെരഞ്ഞെടുത്തത് മാത്രമാണ് ഗുണ്ടപ്പ വിശ്വനാഥിന്‍റെ പിന്‍ഗാമി എന്ന് പോലും പ്രാദേശിക ക്രിക്കറ്റില്‍ വാഴ്ത്തപ്പെട്ട ഭാസ്ക്കറിന് അന്തര്‍ദേശീയ തലത്തില്‍ ലഭിച്ച ഏക അവസരം. ഇപ്പോള്‍ രാജസ്ഥാന്‍ രഞ്ജി ടീമിന്‍റെ പരിശീലകനാണ് ഭാസ്ക്കര്‍
എബി കുരുവിള
ഇന്ത്യന്‍ ടീമിനായി കളത്തിലിറങ്ങാന്‍ അവസരം ലഭിച്ച ആദ്യ മലയാളി താരമാണ് മുംബൈയില്‍ നിന്ന് ദേശിയ ടീമിലെത്തിയ ആലപ്പുഴക്കാരന്‍ എബി കുരുവിള. വലങ്കയ്യന്‍ ഫാസ്റ്റ്‌ബൌളറായ കുരുവിള പത്ത് ടെസ്റ്റുകളിലും 25 ഏകദിനങ്ങളിലും ഇന്ത്യന്‍ കുപ്പായമണിഞ്ഞിട്ടുണ്ട്. ടെസ്റ്റിലും ഏകദിനത്തിലും 25 വിക്കറ്റുകള്‍ വീതം ആകെ 50 വിക്കറ്റുകളാണ് അന്തര്‍ദേശീയ തലത്തില്‍ കുരുവിള വീഴ്ത്തിയിട്ടുള്ളത്. ഒരു പക്ഷെ ഇന്ത്യന്‍ ടീമില്‍ കളിച്ച ഏറ്റവും ഉയരമുള്ള താരവും ആയിരിക്കും ആറടി ആറിഞ്ചുകാരനായ കുരുവിള.
വെസ്റ്റ് ഇന്‍ഡീസിനെതിരെ 1997 മാര്‍ച്ചില്‍ കിങ്ങ്‌സ്റ്റണില്‍ തന്‍റെ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ കുരുവിള തന്‍റെ അവസാന ടെസ്റ്റ് കളിച്ചതും 1997ല്‍ തന്നെയായിരുന്നു. ശ്രീലങ്കയ്ക്ക് എതിരെ ഡിസംബര്‍ മാസത്തില്‍ മുംബൈയിലായിരുന്നു ഇത്. ഏകദിനത്തിലും 1997 സീസണില്‍ മാത്രമാണ് കുരുവിളയെ ദേശീയ ടീമിലെടുത്തത്.
ഇപ്പോള്‍ ദേശീയ ജൂനിയര്‍ ടീമിന്‍റെ സെലക്ഷന്‍ സമിതി അധ്യക്ഷനാണ് എബി കുരുവിള.
ടിനു യോഹന്നാന്‍
കേരളാ ടീമില്‍ നിന്ന് ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ താരമാണ് ടിനു യോഹന്നാന്‍. ലോങ്ങ് ജമ്പില്‍ ഏഷ്യന്‍ റിക്കോഡിട്ട ഒളിമ്പ്യന്‍ ടി സി യോഹന്നാന്‍റെ മകനായ ടിനു ജൂനിയര്‍ തലത്തില്‍ അത്‌ലറ്റിക്സില്‍ മികച്ച പ്രകടനം നടത്തിയ ശേഷമാണ് ക്രിക്കറ്റ് ലോകത്ത് എത്തുന്നത്. എം ആര്‍ എഫ് പേസ് അക്കാദമിയിലൂടെ ക്രിക്കറ്റില്‍ സജീവമായ ടിനു 2001ല്‍ മൊഹാലിയില്‍ ഇംഗ്ലണ്ടിനെതിരായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. അടുത്ത വര്‍ഷം മേയില്‍ ബ്രിഡ്ജ്‌ടൌണ്ടില്‍ വിന്‍ഡീസിനെതിരെ ഏകദിന അരങ്ങേറ്റവും നടത്തിയ ടിനു എന്നാല്‍ മൂന്ന് ടെസ്റ്റും മൂന്നു ഏകദിനവും ഉള്‍പ്പടെ ആകെ ആറ് അന്താരാഷ്ട്ര മത്സരങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. ടെസ്റ്റിലും ഏകദിനങ്ങളിലും അഞ്ച് വീതം വിക്കറ്റുകള്‍ ടിനും വീഴ്ത്തിയിട്ടുണ്ട്.
ഇപ്പോഴും കേരള ടീമിന്‍റെ മുഖ്യ ഫാസ്റ്റ്ബൌളറായെ ടിനുവിന് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ ഇനിയും അവസരങ്ങള്‍ ബാക്കിയുണ്ട്.
എസ് ശ്രീശാന്ത്
ഇന്ത്യന്‍ ക്രിക്കറ്റില്‍ കേരളത്തിന്‍റെ മുഖമായി മാറിയ താരമാണ് കൊച്ചിക്കാരന്‍ ശാന്തകുമാരന്‍ ശ്രീശാന്ത് എന്ന ചൂടന്‍ താരം. ക്രിക്കറ്റ് ഫീല്‍ഡില്‍ എന്നും അക്രമണോത്സുക ക്രിക്കറ്റിന്‍റെ പ്രതിരൂപമായ ശ്രീ എന്നാല്‍ കളത്തിന് പുറത്ത് പേര് പോലെ ശാന്തനാണ്.
എം ആര്‍ എഫ് പേസ് അക്കാദമിയില്‍ നിന്ന് പരിശീലനം നേടിയ ശ്രീ 2006ല്‍ ഇംഗ്ലണ്ടിനെതിരായ നാഗ്പൂര്‍ ടെസ്റ്റിലാണ് അരങ്ങേറിയത്. പതിനാല് ടെസ്റ്റുകളില്‍ നിന്ന് 50 വിക്കറ്റുകള്‍ നേടിയിട്ടുള്ള ശ്രീ 41 ഏകദിനങ്ങളില്‍ നിന്ന് 59 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
കളി മികവിനൊപ്പം എതിരാകള്‍ക്ക് എതിരെ നടത്തുന്ന മാനസിക പോരാട്ടം കൊണ്ട് ശ്രദ്ധേയനായ ശ്രീ പലപ്പോഴും വിവാദ നായകനും ആയിട്ടുണ്ട്. ആന്‍ഡ്രൂ സൈമണ്‍സും ശ്രീയും തമ്മില്‍ നടന്ന പോരാട്ടങ്ങള്‍ ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഹര്‍ഭജന്‍ സിങ്ങുമായുണ്ടായ പ്രശ്നങ്ങളുടെ പേരിലും വിവാദത്തില്‍ ഉള്‍പ്പെട്ട ശ്രീ ഇപ്പോള്‍ പരുക്ക് കാരണം ടീമിന് പുറത്താണ്. അധികം വൈകാതെ ശ്രീ ടീമില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ലോകമെങ്ങുമുള്ള ശ്രീശാന്തിന്‍റെ ആരാധകര്‍