കാര്‍ഷികസമൃദ്ധിയുടെ വിഷു

WD
ഗതകാല കാര്‍ഷിക സമൃദ്ധിക്ക് മലയാള മനസ്സില്‍ ലഭിക്കുന്ന താലോലമാണ് വിഷു. കാര്‍ഷിക പാരമ്പര്യത്തിന് മാറ്റം വന്നു എങ്കിലും മലയാളിയുടെ പ്രധാന കാര്‍ഷികോത്സവമാണ് മേടത്തിലെ വിഷു.

സകല ഐശ്വര്യ സാമഗ്രികളും നിറഞ്ഞ അഷ്ടമംഗല്യതാലം, നിറഞ്ഞുകത്തുന്ന എഴുതിരി വിളക്ക്. കമലനേത്രന്‍റെ മയില്‍പീലിയും ഓടക്കുഴലും, കളഭമേനിയും കണികാണുന്നതോടെ ഒരു വര്‍ഷം ആരംഭിക്കുന്നു.

കണികാണലാണ് വിഷുവിന്‍റെ പ്രധാനചടങ്ങ്. വിഷുവിന്‍റെ തലേദിവസം വൈകിട്ട് കണി ഒരുക്കി വയ്ക്കുന്നു. ദീപത്തിന് മുന്നില്‍ മഞ്ഞപ്പട്ടുടയാട ചാര്‍ത്തിയ കാര്‍വര്‍ണ്ണന്‍റെ വിഗ്രഹമോ ഉണ്ണികൃഷ്ണന്‍റെ ചിത്രമോ വയ്ക്കുന്നു. അതിന് മുന്നിലൊരു ഭദ്രദീപം കൊളുത്തുന്നു. അടുത്ത് തട്ടത്തില്‍ അരി, നാളികേരം, വെള്ളരിക്ക, കൊന്നപ്പൂവ്, വാല്‍ക്കണ്ണാടി, ചെപ്പ്, അലക്കുപുടവ, സ്വര്‍ണ്ണാഭരണം, ഗ്രന്ഥക്കെട്ട് എന്നിവ ഭംഗിയായി അടുക്കി വയ്ക്കുന്നു.

വീട്ടിലെ ഗൃഹനായകനോ, ഗൃഹനായികയോ ആയിരിക്കും ആദ്യം കണികാണുക. ബ്രാഹ്മമുഹൂര്‍ത്തത്തില്‍തന്നെ ഉണര്‍ന്ന് കണ്ണ് തുറക്കാതെ ഒരുക്കിവച്ച കണിയുടെ സമീപമെത്തി കണികാണുന്നു. തുടര്‍ന്ന് മറ്റുള്ളവരെ ഓരോരുത്തരായി കണികാണിക്കുകയോ ഒരുക്കിയ കണി അവരുടെ സമീപം കൊണ്ട് ചെന്ന് കാണിക്കുകയോ ചെയ്യുന്നു.

കണികണ്ട് കഴിഞ്ഞാല്‍ കണിതൊട്ട് തൊഴുതു നിറുകയില്‍ വയ്ക്കുന്നു. കുടുംബാംഗങ്ങള്‍ കണികണ്ട് കഴിഞ്ഞാല്‍ തൊഴുത്തിലെ കന്നുകാലികളെയും പറമ്പിലെ വൃക്ഷങ്ങളെയും കണികാണിക്കുന്നു. ഈ പ്രക്രീയയിലൂടെ സമഷ്ടി സ്നേഹത്തിന്‍റെ സന്ദേശമാണ് പ്രദാനം ചെയ്യുന്നത്.

വീട്ടില്‍ വച്ച് കണികാണുന്നത് കൂടാതെ ക്ഷേത്രങ്ങളിലും കണിയൊരുക്കി കാണാറുണ്ട്. ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ശബരിമല ധര്‍മശാസ്താ ക്ഷേത്രം, കുളത്തുപ്പുഴ ശാസ്താക്ഷേത്രം തുടങ്ങിയിടങ്ങളിലെ വിഷുകണി പ്രസിദ്ധമാണ്.

കൈനീട്ടത്തിന്‍റെ തിളക്കം

രാവിലെയെഴുന്നേറ്റ് കണികണ്ട് കുളിച്ച് തൊഴുതു കഴിഞ്ഞാല്‍ ഗൃഹനാഥന്‍ കുടുംബാംഗങ്ങള്‍ക്ക് കൈനീട്ടം കൊടുക്കുന്നു. കൈനീട്ടത്തിന്‍റെ ഫലം ഒരു വര്‍ഷം നീണ്ട് നില്‍ക്കുമെന്നാണ് വിശ്വാസം. പണ്ട് കാരണവന്മാര്‍ കുടുംബത്തിലുള്ള എല്ലാ അംഗങ്ങള്‍ക്കും കൈനീട്ടം കൊടുത്തുവന്നു. കുടുംബാംഗങ്ങളോടും സമൂഹത്തോടുമുള്ള സ്നേഹവും സൗഹൃദവും കുറിക്കുന്നതാണ് ഈ ചടങ്ങ്.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :