വയനാട്ടിലെ എറ്റവും മനോഹരമായ സ്ഥലം ഏതാണെന്ന് അറിയാമോ?

സഞ്ചാരികളേ... ഇതിലേ, ഇതിലേ

aparna shaji| Last Updated: വ്യാഴം, 27 ഏപ്രില്‍ 2017 (10:55 IST)
വയനാട്ടിലെ എറ്റവും മനോഹരമായ സ്ഥലം ഏതാണെന്ന് അറിയാമോ? എന്ന ചോദ്യത്തിന് പെട്ടന്നൊരു ഉത്തരം പറയാൻ കഴിയില്ല. വയനാട്ടിലെ എല്ലാസ്ഥലങ്ങളും മനോഹരമാണ്, ഓരോ സ്ഥലതിനും അതിന്റെതായ ഭംഗിയുണ്ട്. എങ്കിലും ഈ ചോദ്യത്തിനു ഉത്തരം പറയേണ്ടി വരുമ്പോളൊക്കെ 'ചേമ്പ്ര പീക്ക് എന്നോ കുറുവ ദ്വീപ്' എന്നോ ആയിരിക്കും മിക്കവരും പറഞ്ഞിട്ടുണ്ടാകുക.

വയനാട്ടിലെ സ്ഥലങ്ങളൊക്കെ പെട്ടന്ന് എത്തിപ്പെടാൻ പറ്റിയതാണ്. അതിൽ നിന്നും വിപരീതമാണ്
മുനീശ്വരൻ കുന്ന്. ഒരുകാലത്ത് സഞ്ചാരികളെ ഏറ്റവും അധികം ആകർഷിച്ചിരുന്ന സ്ഥലമായിരുന്നു മുനീശ്വരൻ കുന്ന്. 2016 മുതൽ ആണ് മുനീശ്വരൻ കുന്ന് പ്രശസ്തി നേടിയത്. പ്രശസ്തി എന്ന് പറഞ്ഞാൽ വെറും പ്രശസ്തി അല്ല, ആ സ്ഥലത്തിന്റെ ഭംഗി നശിക്കുന്ന പ്രശസ്തി.

അധികമാരും ചെന്നുപെടാത്ത സ്ഥലമായിരുന്നു മുനീശ്വരൻ കുന്ന്. തേടിപ്പിടിച്ച് ചെന്നാലേ തത്‌സ്ഥാനത്ത് എത്താൻ കഴിയുമായിരുന്നുള്ളു. തലപ്പുഴയിൽ നിന്നും തിരിഞ്ഞു പോയാലെ മുനീശ്വരൻ കുന്ന് കാണാൻ ആകൂ. വഴിയാത്രക്കാരോട് ചോദിച്ച് വേണം സ്ഥലത്തെത്താൻ. മുനീശ്വരൻ കുന്ന് ഭംഗിയുള്ള സ്ഥലമാണെന്ന് സഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്നതും അവിടുത്തെ ഗ്രാമവാസികൾ തന്നെ.

കുന്നിന്റെ മുകളിൽ എത്തുന്നത് വരെ ആകാംഷയാണ്. എന്താകും അതിനപ്പുറം എന്നറിയാനുള്ള ആകാംഷ. മനുഷ്യന്റെ കാലടികൾ അധികം ഒന്നും പതിഞ്ഞിട്ടില്ലാത്ത മുനീശ്വരൻ കുന്ന് (രണ്ടു വർഷം മുമ്പ്). അതിമനോഹരമായ പുൽമേട്. അതിനെ തഴുകി പോകുന്ന കോടമഞ്ഞ്. അവിടെയാണ് നമ്മുടെ ഉള്ളിലെ യാത്രക്കാരൻ ഉണരുക. വയനാട്ടിലെ ഏറ്റവും മനോഹരമായ സ്ഥലമെന്ന് ചിന്തിച്ചുപോകുന്ന നിമിഷം.

കാട്ടിൽ നിന്നും മാനുകളും ആനകളും ആരേയും ഭയമില്ലാതെ, ആരേയും ഉപദ്രവിക്കണമെന്ന ആഗ്രഹമില്ലാതെ വിരഹിച്ചു നടക്കുന്ന പുൽമേട്. ആരും അറിഞ്ഞിരുന്നില്ല തലപ്പുഴയിൽ ഇങ്ങനെ ഒരു സ്ഥലമുണ്ടെന്ന കാര്യം. അധികം ആരും ചെന്നുകയറാത്ത സ്ഥലത്ത് നാം ചെന്നുപെടുമ്പോൾ അത് നമ്മുടെ സ്വന്തം സ്വത്താണെന്ന ഒരു തോന്നൽ ഉണ്ടാകുമായിരുന്നു മുനീശ്വരൻ കുന്നിൽ ചെന്നുപെട്ടാൽ.

എന്നാൽ, വർഷങ്ങൾ രണ്ടു കഴിഞ്ഞപ്പോൾ എല്ലാം മാറി. യഥാർത്ഥ മുനീശ്വരൻ കുന്നിന്റെ ആത്മാവ് പോലും ഇല്ല ഇപ്പോൾ അവിടെ. അതൊരു ടൂറിസ്റ്റ് സ്പോട്ട് ആയി മാറിക്കഴിഞ്ഞു. കുറച്ച് വികസനം ഒക്കെ വന്നിരിക്കുന്നു. നാടൻ ഭംഗിയും ഗ്രാമീണതയും കാണാനാണ് സഞ്ചാരികൽ ചുരം കയറി വയനാട്ടിലെത്തുന്നത്. എന്നാൽ ഇപ്പോൾ...

മുനീശ്വരൻ കുന്നു മുഴുവൻ ഇപ്പോൾ കമ്പിയിട്ടു തിരിച്ചു കുറെ പ്ലാസ്റ്റിക് ടെന്റുകളും കെട്ടി കാവക്കാരനേയും വെച്ച് വലിയ ടൂറിസ്റ്റ് കേന്ദ്രം ആക്കിയിരിക്കുകയാണ്. പ്ലാസ്റ്റിക്കുകൾ ഇട്ട് നശിപ്പിച്ച പുൽമേട്. ഇതുപോലെ ആയിരക്കണക്കിന് സ്ഥലമാണ് ഇന്ന് ടൂറിസം ഏറ്റെടുത്ത ശേഷം മലിനമായിരിക്കുന്നത് (ഭംഗി നഷ്ടപ്പെട്ടിരിയ്ക്കുന്നത്). മുനീശ്വരൻ കുന്ന് അതിന്റെ നിറഭംഗിയിൽ കാണാത്തവർക്ക് ഒരു തീരാനഷ്ടം തന്നെയാണ്. ഏതാണ് വയനാട്ടിലെ ഏറ്റവും ഭംഗിയുള്ള സ്ഥലം എന്ന് ചോദിച്ചാൽ പലരും പറയുന്നത് മുനീശ്വരൻ കുന്നിന്റെ പേരുതന്നെയാകും - ഇപ്പോൾ അങ്ങനെ അല്ലെങ്കിലും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :