മഴക്കാലത്ത് ആര് പോകും വയനാട്ടിലേക്ക് എന്ന് ആരെങ്കിലും ചോദിച്ചാല്‍ അവര്‍ക്കുള്ള ഉത്തരം ആണ് കോഗ്നിസന്റ് ടെക്നോളജി സൊലൂഷന്‍സ് കോയമ്പത്തൂരിലെ മുപ്പത്തിയഞ്ച് സോഫ്റ്റ്വെയര് യുവാക്കള്‍ എന്നത്. ആര്‍ക്കും അരവട്ട് ആയി തോന്നാവുന്ന ഈ വയനാട് ടൂര്‍ കുറെ വല്യ കഥകളുടെ ഒറ്റ വാക്ക് ആണ്. ആ കഥ തുടങ്ങുന്നത് ഒരു വാടക വീട്ടില്‍ നിന്നും ആണ്. അര്‍ദ്ധരാത്രി ഏകദേശം പന്ത്രണ്ട് മണി കഴിഞ്ഞു. കഴിഞ്ഞ ആഴ്ചയില്‍ നടന്ന ഒരു ബര്‍ത്ത് ഡേ പാര്‍ട്ടിയുടെ ബാക്കിയായ ഒരു അടയാളം പോലെ 'സീസര്‍' എന്ന വിഷം കുപ്പി നിറഞ്ഞു ഇരിക്കുന്നു. ഹരം അകത്തു ചെന്നത് അതിലും വലിയൊരു ഹരം പുറത്തു വിടാന്‍ വേണ്ടിയായിരുന്നു. മദ്യം കഴിക്കാത്ത എനിക്ക് പോലും ആ ഹരം ഉള്‍ക്കൊള്ളാന്‍ അധികം സമയം വേണ്ടിയിരുന്നില്ല. ആ വട്ട മേശ സമ്മേളനം അവസാനിപ്പിച്ചത് 'വയനാട്' എന്ന വാക്കില്‍ ആയിരുന്നു.
പൊട്ടി വീണ പ്രഭാതത്തിന്റെ സൌന്ദര്യം ആസ്വദിക്കാതെ ആയിരുന്നു അടുത്ത ദിവസം ഓഫീസിലേക്ക് ബൈക്ക് ഓടിച്ചത്. മനസ്സില്‍ മുഴുവന്‍ കമ്പനിയിലെ മുഴുവന്‍ മലയാളി ആണ് സുഹൃത്തുക്കളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള യാത്രയുടെ ആശയം രൂപപ്പെടുകയായിരുന്നു. വന്നു കയറിയയുടനെ ഒരു മെയിലിനെ മലയാളം സംസാരിപ്പിച്ചു അയച്ചു. ആദ്യ മെയിലിന്റെ ആത്മാവ് നശിച്ചു പോകാതിരിക്കാന്‍ വേണ്ടി താഴെ കൊടുത്തിരിക്കുന്നു.
“പ്രിയപെട്ടവരെ, ഒരു നിമിഷം, പ്രോഗ്രാമുകള്‍ കാര്‍ന്നു തിന്നുന്ന തലച്ചോറിനു രണ്ടു ദിവസം അവധി കൊടുക്കാന്‍ നിങ്ങള്‍ ഒരുക്കം ആണോ? പച്ച പരവതാനി വിരിച്ച മലയിടുക്കുകളില്‍ ഇരുന്നു കള്ള് കുടിക്കാന്‍ ആഗ്രഹം ഇല്ലേ? പള്ളും പറഞ്ഞ് പാട്ടും പാടി ഒരു ദൂര യാത്ര പോകുന്നതിനെ പറ്റി എന്താണ് നിങ്ങളുടെയൊക്കെ അഭിപ്രായം?”
ഇത് കണ്ടു എന്നെ കളിയാക്കി ചിരിച്ചവര്‍ ഉണ്ടാകാം. എന്നാലും അങ്ങനെയുള്ള കളിയാക്കലില്‍ ഒന്നും തളരരുത് എന്ന് ജീവിതം ഇതിനകം തന്നെ പഠിപ്പിച്ചിരുന്നു. വളരെ പതുക്കെ ആയിരുന്നു ആ മെയിലിനോട് ഉള്ള പ്രതികരണം. പക്ഷെ പ്രതീക്ഷിക്കാത്ത കുറെ പേര് 'പോകാം' എന്ന് പറഞ്ഞു മുന്നോട്ട് വന്നപ്പോള്‍ എനിക്ക് ഉറപ്പായി , ഇത് നടക്കും എന്ന്. പക്ഷെ അന്നേരവും സംശയത്തിന്റെ നിഴലുകള്‍ കൂടുകാരുടെ രൂപത്തില്‍ എന്റെ മേല്‍ വീണുകൊണ്ടിരുന്നു. ഒന്നാമത്തെ കാര്യം മഴ. ഒഴിവു സമയത്തിന്റെ കൂട്ട് കുറെ ഉണ്ടായിരുന്നത് കാരണം ടൂര്‍ എന്ന ആശയം ഒരു വെബ്സൈറ്റിലേക്ക് ചേക്കേറി. താല്പര്യം ഉള്ളവര്‍ക്ക് പേര് രജിസ്റ്റര്‍ ചെയാന്‍ ഉള്ള അവസരവും, വായില്‍ തോന്നിയത് ഒക്കെ എഴുതി വെക്കാന്‍ ഉള്ള സ്ഥലവും, സ്ഥലങ്ങളുടെ ഒരു സംക്ഷിപ്ത രൂപവും അതില്‍ ഉള്‍പ്പെടുത്തി. എന്ത് സംശയത്തിനും വിളിച്ചു ചോദിക്കാന്‍ മൂന്ന് ഫോണ്‍ നമ്പരും നല്കി. അതില്‍ രണ്ടു പേര് പാതി വഴിയില്‍ മുങ്ങാന്‍ ഉള്ള ഒരു സാഹസത്തിനു മുതിര്‍ന്നു. അത് പുറകെ പറയാം.
സൈറ്റ് ഉണ്ടായിരുന്നത് കാരണം ടൂര്‍ കമ്പനിയിലെ മുഖ്യ സംസാര വിഷയം ആയി മാറി. മൊത്തം അന്‍പത്തി ഒന്ന് പേര് അതില്‍ രജിസ്റ്റര്‍ ചെയ്തു. കുറെ കള്ള പേരുകളും ഉണ്ടായിരുന്നു. സീത, മരിയ, അങ്ങനെ ഒക്കെ. ആ പേരുകളില്‍ രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹിയെ ഇപ്പോഴും കിട്ടിയിട്ടില്ല. ഏകദേശം നാല് ദിവസം ബാക്കി നില്ക്കുമ്പോള് ആണ് ചുങ്കം പിരിക്കാന്‍ ഇറങ്ങിയത്. അതോടെ ഓന്ത് തനി നിറം കാണിച്ചു തുടങ്ങി. മുന്നിട്ടു വന്ന പലരുടെയും കൂട്ടുകാരുടെയും ബന്ധുക്കളുടെയും കല്യാണം കൂണ് പോലെ മുളച്ചു തുടങ്ങി. അന്‍പത് എന്ന അക്കം ഇരുപതിയെട്ടിലേക്ക് വരാന്‍ അധികം നിമിഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നില്ല. എങ്ങനെയും കൂടെ ഉള്ളവരെ വെച്ച് ഈ കല പരിപാടി നടത്തണം എന്ന് തീരുമാനിച്ചു ഞാനും സച്ചിനും ഗാന്ധിപുരത്ത് ബസ് ബുക്ക് ചെയ്യാന്‍ പോയി. മുപ്പത്തിയാറ് സീറ്റര്‍ ബസിനു ഇരുപത്തി ഒന്ന് അഞ്ഞൂറ് പറഞ്ഞപ്പോള്‍ കണ്ണും അടച്ചു സമ്മതിച്ചു. അറുനൂറ്റി അന്‍പത് കിലോമീറ്റര്‍ ദൂരത്തിനുള്ള പൈസ ആണ് ഇത്. അത് കഴിഞ്ഞു ഓടുന്ന ഓരോ കിലോമീറ്ററും മുപ്പത്തിയഞ്ച് വെള്ളിനാണയം കൊടുക്കാം എന്ന വ്യവസ്ഥയില്‍ രാത്രി പന്ത്രണ്ടു മണിയോട് അടുത്ത് അവിടുന്ന് പോയി.
പിറ്റേ ദിവസം കമ്പനിയില്‍ ചെന്നപ്പോള്‍ ഓഫീസ് ട്രാന്‍സ്പോര്‍ട്ടിലെ ചേട്ടന്മാര് ഞങ്ങള്‍ നേരത്തെ പറഞ്ഞത് അനുസരിച്ച് മറ്റൊരു അന്പത്തിയഞ്ചു സീറ്റര്‍ ബുക്ക് ചെയ്തു എന്ന വിവരം അധികം താല്പര്യം ഇല്ലാതെ അറിഞ്ഞു. എല്ലാരോടും അഭിപ്രായം ആരാഞ്ഞപ്പോള്‍ ഓഫീസ് അറേഞ്ച് ചെയ്ത വണ്ടിക്കു പോകാം എന്ന് പറഞ്ഞു. മുപ്പത്തിയാറ് സീറ്റര്‍ തമിഴന് ചേട്ടന് ബിസിനസ് എന്ന വാക്കിന്റെ മുന്നില്‍ 'കച്ചട' എന്ന് കൂടി ചേര്‍ത്തപ്പോള്‍ അവരുമായിട്ടുള്ള സംഭാഷണത്തിന് തിരശീല വീണു. ശനിയാഴ്ച രാവിലെ നാല് മണിക്ക് യാത്ര തിരിക്കാം എന്ന തീരുമാനത്തില്‍ വെള്ളിയാഴ്ചത്തെ സൂര്യനോടൊപ്പം എല്ലാവരും വീടുകളില്‍ ചേക്കേറി.
അടുത്ത പേജില്‍ വായിക്കുക, “പുലര്‍ച്ചെ നാല് മണിക്കൊരു ബാര്‍”