“സ്റ്റേഷനുകള്‍ ആക്രമിച്ചത് ഇടതു പ്രവര്‍ത്തകര്‍”

തിരുവനന്തപുരം| WEBDUNIA|
സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് മാസത്തിനിടെ ആറ് പൊലീസ് സ്റ്റേഷനുകള്‍ ആക്രമിക്കപ്പെട്ടതായി ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. ഇതില്‍ മൂന്നെണ്ണം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയതാണെന്ന് മന്ത്രി അറിയിച്ചു. ഒരെണ്ണം പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ആക്രമിക്കപ്പെട്ടത്. പി സി ജോര്‍ജിന്‍റെ സബ്മിഷന് മറുപടി പറയുകയായിരുന്നു കോടിയേരി.

വലിയതുറ, പേരൂര്‍ക്കട, കുമരകം, വിയ്യൂര്‍, പരപ്പനങ്ങാടി, മാവൂര്‍ എന്നീ പൊലീസ് സ്റ്റേഷനുകളാണ് ആക്രമിക്കപ്പെട്ടത്. വലിയതുറ, പേരൂര്‍ക്കട, കുമരകം സ്റ്റേഷനുകളുടെ ആക്രമണവുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ പ്രതികളാക്കി കേസെടുത്തിട്ടുണ്ട്. എസ്‌ എഫ്‌ ഐ പ്രവര്‍ത്തകരാണ്‌ വിയ്യൂര്‍ സ്റ്റേഷന്‍ ആക്രമിച്ചത്‌.

14 പൊലീസുകാര്‍ക്ക് സ്റ്റേഷന്‍ ആക്രമണങ്ങളില്‍ പരുക്കേറ്റിരുന്നു. സംസ്ഥാനത്ത്‌ വിവിധ അക്രമങ്ങളില്‍ 217 പൊലീസുകാര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌.

സംസ്ഥാനത്ത് ഇതുവരെ 30 സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 26 പ്രൊഫഷണല്‍ കോളജ്‌ വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്ത്‌ ആത്മഹത്യ ചെയ്തതായും ആഭ്യന്തരമന്ത്രി നിയമസഭയെ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :