സംസ്ഥാന മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തന്നെ പരാമര്‍ശിച്ചപ്പോള്‍ നടത്തിയ ഒരുത്തി പ്രയോഗം തരം താഴ്ന്നതാണെന്ന് സിന്ധു ജോയി. സി പി എമ്മില്‍ നിന്നു രാജിവെച്ച സിന്ധു ജോയി പാമ്പാടിയില്‍ ഉമ്മന്‍ ചാണ്ടിയുടെ തെരഞ്ഞെടുപ്പു കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകളെ സംരക്ഷിക്കാന്‍ കഴിയാത്ത വി എസ് അച്യുതാനന്ദന് എങ്ങനെ കേരളത്തിലെ സ്ത്രീകളെ സംരക്ഷിക്കാന്‍ കഴിയുമെന്നും സിന്ധു ജോയി ചോദിച്ചു. സി പി എം വിട്ടെത്തിയ സിന്ധു ജോയിക്ക് ഉജ്ജ്വല സ്വീകരണമാണ് പാമ്പാടിയില്‍ യു ഡി എഫ് പ്രവര്‍ത്തകര്‍ നല്‍കിയത്.
സി പി എമ്മിനെതിരെ തുറന്നടിച്ച സിന്ധു അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള എല്ലാ സി പി എം നേതാക്കളെയും കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. സി പി എമ്മിന്റെ നിലപാടുകളോട് യോജിക്കാന്‍ കേരളത്തിലെ സ്ത്രീ സമൂഹത്തിന് കഴിയില്ലെന്ന് വികാരാതീതയായി സിന്ധു പറഞ്ഞു. സിപിഎമ്മിന്റെ മത വിശ്വാസത്തിനെതിരായ നിലപാടുകളെയും സ്ത്രീകളോടുള്ള സമീപനങ്ങളെയും തുറന്നടിച്ച് പ്രസംഗിച്ച സിന്ധുവിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വന്‍ കരഘോഷമാണ് നല്കിയത്.
സ്ത്രീകള്‍ക്ക് സി പി എമ്മില്‍ രക്ഷയില്ലെന്നും സ്ത്രീകള്‍ക്ക് രക്ഷ വേണമെങ്കില്‍ കോണ്‍ഗ്രസില്‍ നില്‍ക്കണമെന്നും സിന്ധു പറഞ്ഞു. സ്വന്തം പാര്‍ട്ടിയിലുള്ള സ്ത്രീകളെ സംരക്ഷിക്കാന്‍ കഴിയാത്ത വി എസിന് എങ്ങനെ കേരളത്തിലെ സ്ത്രീകളെ രക്ഷിക്കാന്‍ കഴിയുമെന്നും സിന്ധു ചോദിച്ചു. ക്രൈസ്തവ വിശ്വാസിയായ തനിക്ക് പരസ്യമായി പള്ളിയില്‍ പോകുന്നതിനു പോലും പാര്‍ട്ടി വിലക്കേര്‍പ്പെടുത്തിയിരുന്നു.
ഇത്തരത്തിലുള്ള ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സി പി എമ്മില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ വിശ്വാസിയായ താന്‍ വോട്ടു ചെയ്യാനെത്തിയ ബിഷപ്പുമാരുടെ കൈയില്‍ മുത്തിയതിനെ പാര്‍ട്ടി ശക്തമായി എതിര്‍ത്തു. ഒരു മതവിശ്വാസിക്കും സി പി എമ്മില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസില്‍ നിന്നും പുറത്തുവന്നവരെ സ്ഥാനാര്‍ഥിയാക്കിയ സി പി എം, പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടവര്‍ക്ക് സീറ്റു നിഷേധിച്ചു. എസ്‌എഫ്‌ഐയുടെ സമരങ്ങളില്‍ പങ്കെടുത്ത ഒരു പെണ്‍കുട്ടി പോലും മുഖ്യധാര രാഷ്‌ട്രീയത്തിലേക്ക് കടന്നുവന്നിട്ടില്ല. യു ഡി എഫ് സര്‍ക്കാരിന്റെ സ്വാശ്രയ കോളജ് നിലപാടുകള്‍ക്കെതിരെ പ്രതികരിച്ച ഇടതുപക്ഷം അധികാരത്തില്‍ കയറിയിട്ട് എന്തെങ്കിലും മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞോയെന്നും സിന്ധു ചോദിച്ചു.
സ്വീകരിക്കുകയാണെങ്കില്‍ കോണ്‍ഗ്രസില്‍ ചേരാന്‍ താന്‍ തയ്യാറാണ്. കോണ്‍ഗ്രസിലെ പല സുഹൃത്തുക്കളും ക്ഷണിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി മകളെ പോലെയാണ് സ്വീകരിച്ചത്. ഇത്തവണ അദ്ദേഹം വിജയിച്ച് മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പാണെന്നും സിന്ധു പറഞ്ഞു.
എസ് എഫ് ഐ ദേശീയ വൈസ് പ്രസിഡന്റും സംസ്ഥാന മുന്‍ പ്രസിഡന്റും ആയിരുന്ന സിന്ധു ജോയി ഇന്നു രാവിലെയാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. സിന്ധു രാജിവെച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് സിന്ധു ജോയിയെ പുറത്താക്കിയതെന്ന് സി പി എം പറഞ്ഞിരുന്നു. സി പി എമ്മില്‍ നിന്ന് രാജിവെച്ച സിന്ധു ജോയി കോണ്‍ഗ്രസിലേക്ക് വരാന്‍ തയ്യാറായാല്‍ കോണ്‍ഗ്രസ് അതിനെ സ്വാഗതം ചെയ്യുമെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു.