‘വി എസ് അഞ്ച് വര്‍ഷം മിണ്ടാതിരുന്നു’

തിരുവനന്തപുരം| WEBDUNIA|
PRO
PRO
അഞ്ച് വര്‍ഷം മിണ്ടാതിരുന്നിട്ട് ഇപ്പോള്‍ യുദ്ധപ്രഖ്യാപനം നടത്തുന്ന മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ സാക്ഷരകേരളത്തിന് അപമാനമാണെന്ന് കേന്ദ്രപ്രതിരോധമന്ത്രി എ കെ ആന്റണി. അഞ്ച് വര്‍ഷത്തെ ഭരണത്തിനിടയ്ക്ക് എത്ര അഴിമതിക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു. ഭരണനേട്ടങ്ങളൊന്നും വി എസ്സിന് പറയാനില്ല. അതിനാലാണ് അഴിമതിക്കാര്‍ക്കെതിരെയും പെണ്‍വാണിഭക്കാര്‍ക്കെതിരെയും ശക്തമായി നിലകൊള്ളുമെന്ന് അദ്ദേഹം ഇപ്പോഴും ആവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നത്.

തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ 'ജനവിധി 2011'-ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആന്റണി. പാര്‍ട്ടി പറഞ്ഞാല്‍ കേള്‍ക്കാത്ത മുഖ്യമന്ത്രിയാണെന്നാണ് വി എസ്സിനെക്കുറിച്ച് സി പി എം തന്നെ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തെ ഒരേയൊരു നേതാവായി ഉയര്‍ത്തിക്കാണിക്കുകയാണന്നും ആന്റണി കുറ്റപ്പെടുത്തി. സ്മാര്‍ട്ട് സിറ്റി നടപ്പിലാക്കാന്‍ അഞ്ച് വര്‍ഷം വൈകിയത് മുഖ്യമന്ത്രിയുടെ പിടിവാശി മൂലമാണ്. അഞ്ച് വര്‍ഷം പാര്‍ട്ടി സെക്രട്ടറിയും പാര്‍ട്ടിയും ഭരിക്കാന്‍ അനുവദിച്ചില്ലെന്ന് പരാതി പറഞ്ഞുനടക്കുകയായിരുന്നു വി എസ് ചെയ്തത്.

കേരളം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടന്നും ഒരു ഇടിമുഴക്കം പോലെ ശക്തമായി യു ഡി എഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്നും ആന്റണി പറഞ്ഞു. കേന്ദ്രസര്‍ക്കാരുമായി കൈകോര്‍ത്ത് പോകുന്ന സര്‍ക്കാരാണ് കേരളത്തില്‍ ഉണ്ടാകേണ്ടത്. അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് ഇന്ത്യയില്‍ കേരളത്തിന്റെ സ്ഥാനമെന്തായിരിക്കണമെന്ന് തീരുമാനിക്കേണ്ട തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. യു ഡി എഫിന്റെ മുഖ്യമന്ത്രി ആരായിരിക്കുമെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അതില്‍ യാതൊരു തര്‍ക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന് ഒന്നും ഒളിച്ചുവെക്കാനില്ല. അതിനാലാണ് 2ജി സ്‌പെക്ട്രം കേസ് അന്വേഷണത്തിന്റെ നേതൃത്വം സുപ്രീംകോടതി നേരിട്ട് വഹിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതെന്നും ആന്റണി ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :