‘ലാവ്‌ലിനെ’ കനേഡിയന്‍ പൊലീസ് ചോദ്യം ചെയ്യും

കൊച്ചി| WEBDUNIA|
PRO
വിവാദമായ എസ് എന്‍ സി ലാവ്‌ലിന്‍ കേസ് നിര്‍ണായകമായ വഴിത്തിരിവില്‍. ലാവ്‌ലിന്‍ കമ്പനി പ്രതിനിധികളെ ചോദ്യം ചെയ്യാമെന്ന് കനേഡിയന്‍ കമ്പനി അറിയിച്ചു. കഴിഞ്ഞവര്‍ഷം ജൂണ്‍ 11 ആയിരുന്നു ലാവ്‌ലിന്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ കാനഡയിലുള്ള ആറാം പ്രതി ക്ലോസ്‌ ട്രെന്‍ഡലിനെയും ഒമ്പതാം പ്രതി ലാവ്‌ലിന്‍ കമ്പനിയുടെ തലവന്‍മാരെയും ചോദ്യം ചെയ്യലിന്‌ വിധേയമാക്കാന്‍ കഴിഞ്ഞിരുന്നില്ല.

തുടര്‍ന്ന് കാനഡയിലുള്ള ലാവ്‌ലിന്‍ കമ്പനിയോട് സി ബി ഐ ഇന്‍റര്‍ പോള്‍ മുഖേന ആറാം പ്രതി ക്ലോസ് ട്രെന്‍ഡലിനെ ചോദ്യം ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചത്. ഇത്‌ സംബന്ധിച്ച ചോദ്യാവലി പട്ടികയും അയച്ചു കൊടുത്തിരുന്നു. ആദ്യവട്ടം മറുപടി ഒന്നും ഇല്ലാതിരുന്നതിനെ തുടര്‍ന്ന് രണ്ടാം വട്ടവും ബന്ധപ്പെട്ടപ്പോഴാണ് ചോദ്യം ചെയ്യാന്‍ സന്നദ്ധമാണെന്ന് അറിയിച്ചത്. പ്രതികള്‍ വിസമ്മതിക്കുകയാണെങ്കില്‍ നിര്‍ബന്ധപൂര്‍വ്വം ചോദ്യം ചെയ്യണോ എന്നും കനേഡിയന്‍ കമ്പനി ആരാഞ്ഞിട്ടുണ്ട്.

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ വൈദ്യുതി പദ്ധതികളുടെ അറ്റകുറ്റപ്പണിക്ക് ലാവ്‌ലിന്‍ കമ്പനിക്ക് കരാര്‍ നല്‍കി സംസ്ഥാന സര്‍ക്കാരിന്‌ കോടികളുടെ നഷ്ടമുണ്ടാക്കിയ കേസില്‍ കഴിഞ്ഞ ജൂണ്‍ 11നാണ്‌ ഒന്‍പതുപേരുടെ പ്രതിപട്ടികയുമായി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്‌. മുന്‍ വൈദ്യുതി മന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ സിബിഐ ചോദ്യം ചെയ്തിരുന്നു.

ചോദ്യം ചെയ്യല്‍ ഏതുവിധത്തിലുള്ളതായിരിക്കണം എന്നതടക്കമുള്ള കാര്യങ്ങളില്‍ കനേഡിയന്‍ പൊലീസ്‌ സി ബി ഐയുടെ അഭിപ്രായം ആരായുകയും സി ബി ഐ മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :