മാനസ മൈനേ വരൂ എന്ന ഒരൊറ്റ ഗാനം കൊണ്ട് മലയാളിയുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ഗായകനാണ് മന്നാഡെ. പ്രസിഡന്റിന്റെ സ്വര്‍ണ്ണമെഡല്‍ മലയാളത്തിന് ആദ്യമായി നേടിത്തന്ന ചെമ്മീനിലെ ''മാനസമൈനേ വരൂ എന്ന ഗാനത്തിലൂടെ മലയാളികളുടെ മനം കവരാന്‍ ബംഗാളിയായ പ്രബോദ് ചന്ദ്രഡെയ്ക്ക് കഴിഞ്ഞു.
വയലാര്‍ രചിച്ച് ബംഗാളിയായ സലില്‍ ചൗധരി സംഗീതം നല്‍കിയ ചെമ്മീനിലെ ഒരേയൊരു ഗാനം മലയാളികളുടെ മനസ്സില്‍ ഒരു നൊമ്പരമായി നിറയാന്‍ മന്നാഡെയുടെ ശബ്ദത്തിന് കഴിഞ്ഞു.
മലയാളികളുടെ മറക്കാനാവാത്ത ശബ്ദമായി മാറിയെങ്കിലും മലയാള ചലച്ചിത്രഗാനരംഗത്ത് അദ്ദേഹം സമ്മാനിച്ചത് രണ്ടു ഗാനങ്ങള്‍ മാത്രം നെല്ലിലും ചെമ്മീനിലുമാണ് ആ സ്വരം നമ്മള്‍ കേട്ടത്.
പൂര്‍ണ ചന്ദ്രയുടെയും മഹാമായ ഡേയുടെയും മകനായി 1919 മെയ് ഒന്നിന് കല്‍ക്കത്തയിരുന്നു പ്രബോദ് ചന്ദ്ര ഡേയെന്നെ മന്നാഡെയുടെ ജനനം. 1943 ല്‍ തമന്ന എന്ന ചിത്രത്തിലൂടെയാണ് മന്നാഡെ പിന്നണിഗാന രംഗത്തെത്തുന്നത്.
'മഷാല്‍' എന്ന ചലച്ചിത്രത്തിനു വേണ്ടി ആലപിച്ച ഗാനങ്ങള്‍ ശ്രദ്ധിയക്കപ്പെട്ടതോടെയാണ് അദ്ദേഹം മുഴുവന്‍ സമയ പിന്നണി ഗായകനായി മാറി.മുകേഷ്, കിഷോര്‍ കുമാര്‍, മുഹമ്മദ് റാഫി എന്നിവര്‍ക്കൊപ്പം 1950-70 കാലഘട്ടത്തില്‍ അദ്ദേഹം ഇന്ത്യന്‍ സിനിമയില്‍ സജീവമായിരുന്നു.
വിവിധ ഭാഷകളിലായി 3,500ല്‍ അധികം ഗാനങ്ങള്‍ മന്നാഡെ ആലപിച്ചു. അദ്ദേഹം അവസാനം പാടിയത് നാനാ പടേക്കറിന്റെ 'പ്രഹര്‍ എന്ന ചിത്രത്തിലാണ്.ജിബോനര്‍ ജല്‍സാഖോരെ എന്നപേരില്‍ ബംഗാളി ഭാഷയില്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആത്മകഥ മെമ്മറീസ് കം എലൈവ് എന്നപേരില്‍ ഇംഗ്ളീഷിലും യാദേന്‍ ജീ ഉതീ എന്നപേരില്‍ ഹിന്ദിയിലും പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇന്ത്യന്‍ സിനിമയുടെ പരമോന്നത ബഹുമതിയായ ഫാല്‍ക്കേ അവാര്‍ഡ് 2007ല്‍ അദ്ദേഹത്തെ തേടിയെത്തി. പത്മശ്രീ, പത്മഭൂഷണ്‍ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. മേരേ ഹൂസൂര്‍ എന്ന ഹിന്ദി ചിത്രത്തിലേയും നിശി പത്മ എന്ന ബംഗാളി ചിത്രത്തിലേയും ഗാനാലാപനത്തിന് മന്നാഡെയ്ക്ക് ദേശീയ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
1987-88 ലെ ലളിതസംഗീതത്തിനുളള ലതാമങ്കേഷ്കര്‍ അവാര്‍ഡ് നേടി. 'മേരാനാം ജോക്കര്‍ എന്ന ചിത്രത്തിലെ ''ഏ ഭായ് സരാ ദേഖ് കെ ചലോ...എന്നു തുടങ്ങുന്ന ഗാനത്തിന് ഫിലിം ഫെയര്‍ അവാര്‍ഡ് കിട്ടി.
കണ്ണൂര്‍ സ്വദേശി പ്രൊഫസര്‍ സുലോചനയാണ് ഭാര്യ. മക്കള്‍ : ഷുരോമ, സുമിത. 2012ല്‍ ഭാര്യയുടെ മരണശേഷമാണ് മന്നാഡെ പിന്നണിഗാനരംഗത്തുന നിന്ന് ക്രമേണ പിന്‍വലിഞ്ഞത്.
അമ്പതു വര്‍ഷത്തെ മുംബൈ വാസത്തിന് തിരശ്ശീലയിട്ട് ബാംഗ്ലൂരിലേയ്ക്ക് അദ്ദേഹം താമസം മാറ്റി. ജൂണ്‍ എട്ടിനാണ് അദ്ദേഹത്തെ ബാംഗ്ലൂര്‍ നാരായണഹൃദയാലയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നു പുലര്‍ച്ചയോടെ 3.30ഓടെ അന്ത്യശ്വാസം വലിച്ചു. ഉച്ചയ്ക്ക് ബാംഗ്ലൂരിലാണ് സംസ്‌കാരം.