തിരുവനന്തപുരം|
സജിത്ത്|
Last Modified വെള്ളി, 11 ഓഗസ്റ്റ് 2017 (11:38 IST)
മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനും ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഭര്‍ത്താവുമായ കെ ഭാസ്കരനെതിരെ ഉയര്‍ന്ന ആരോപണം തെറ്റാണെന്ന് മുഖ്യമന്ത്രി. പൊലീസിനോ സിപിഐഎമ്മിനോ ഇത്തരത്തിലുള്ള ഒരു പരാതികളും ലഭിച്ചിട്ടില്ല. ദളിത് യുവതിയെ ഭാസ്കരന് മര്‍ദിച്ചിട്ടില്ല. ഇപ്പോള്‍ ഉയര്‍ന്നുവന്ന പരാതി അവാസ്തവമാണ്. മട്ടന്നൂരിലെ എല്‍ഡിഎഫിന്റെ വിജയത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുണ്ടായ വാര്‍ത്തയാണിതെന്നും ആ വിജയം മറച്ചുപിടിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഭര്‍ത്താവിനെതിരെ നടപടിയെടുക്കാന്‍ സിപിഐഎം കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയെന്നായിരുന്നു ഇന്നു പുറത്തുവന്ന വാര്‍ത്ത. മന്നൂരിലെ മുന്‍ നഗരസഭാംഗവും സി പി ഐ എം ബൂത്ത് ഏജന്റുമായ ഷീല രാജന്റെ പരാതിയെ തുടര്‍ന്നാണ് കെ ഭാസ്കരനെതിരെ നടപടി എടുക്കാന്‍ സി പി ഐ എം സംസ്ഥാന ഘടകത്തിന് കേന്ദ്രത്തിന്റെ നിര്‍ദേശമെത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.നഗരസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പരാതിക്കാസ്പദമായ സംഭവം നടക്കുന്നത്.
പെരിഞ്ചേരി ബൂത്തില്‍ ഓപ്പണ്‍ വോട്ട് സംബന്ധിച്ച തര്‍ക്കത്തിനിടെ ബൂത്തിലെത്തിയ പോളിങ് ഉദ്യോഗസ്ഥരോട് ശൈലജയുടെ ഭര്‍ത്താവായ കെ. ഭാസ്കരനെപ്പറ്റി ഷീല പരാതി പറയുകയും ഇതേതുടര്‍ന്ന് ഭാസ്കരന് ഷീയെ ചീത്തവിളിക്കുകയും തല്ലുകയും ചെയ്തെന്നാണ് പരാതി.
സംഭവം അറിഞ്ഞ ഷീലയുടെ ഭര്‍ത്താവും ഇടത് സംഘടനയായ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് നേതാവുമായ കെ പി രാജന് സ്ഥലത്തെത്തി. ഭാസ്കരനും രാജനും തമ്മിലും വാക്കേറ്റമുണ്ടായി. പൊലീസില്‍ പരാതി കൊടുക്കാന്‍ ശ്രമിച്ചെങ്കിലും ഇവരെ പാര്ട്ടിക്കാര് പിന്തിരിപ്പിക്കുകയായിരുന്നുമെന്നുമായിരുന്നു വാര്‍ത്തകള്‍.