‘മഞ്ഞളാംകുഴി അലിയെ മന്ത്രിയാക്കണം’

തിരുവനന്തപുരം| WEBDUNIA|
PRO
PRO
മുസ്ലീം ലീഗില്‍ നിന്ന് പി കെ കുഞ്ഞാലിക്കുട്ടിയ്ക്കൊപ്പം എം കെ മുനീര്‍, പി കെ അബ്ദുറബ്ബ്, വി കെ ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ മന്ത്രിമാരാവും. അതേസമയം അഞ്ചാമത് ഒരു മന്ത്രിയെക്കൂടി ലീഗ് പ്രഖ്യാപിച്ചിട്ടുണ്ട്. മഞ്ഞളാംകുഴി അലിയും ലീഗില്‍ നിന്ന് മന്ത്രിസ്ഥാനത്തെത്തുമെന്ന് പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ തിരുവനന്തപുരത്ത് വ്യക്തമാക്കി.

വ്യവസായം, ഐ ടി, നഗരസഭ എന്നീ വകുപ്പുകളാണ് പി കെ കുഞ്ഞാലിക്കുട്ടി കൈകാര്യം ചെയ്യുക. എം കെ മുനീറിന് സാമൂ‍ഹ്യക്ഷേമം, ഗ്രാമപഞ്ചായത്ത് എന്നിവ ലഭിക്കും. കഴിഞ്ഞ യു ഡി എഫ് മന്ത്രിസഭയില്‍ മുനീര്‍ പൊതുമരാമത്ത് വകുപ്പാണ് കൈകാര്യം ചെയ്തിരുന്നത്. മന്ത്രിയാവുന്ന സാഹചര്യത്തില്‍ എം കെ മുനീര്‍ ഇന്ത്യാവിഷന്റെ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. രാജിക്കത്ത് മുനീര്‍ തന്നെ ഏല്‍പ്പിച്ചതായി ഹൈദരലി ശിഹാബ്‌ തങ്ങള്‍ വ്യക്തമാക്കി.

ഇക്കുറി വി കെ ഇഹ്രാമിം കുഞ്ഞിനാണ് പൊതുമരാമത്ത് വകുപ്പ് ലഭിച്ചിരിക്കുന്നത്.
പി കെ അബ്ദുറബ്ബ് ആയിരിക്കും വിദ്യാഭ്യാസ മന്ത്രിയാവുക. അതേസമയം അഞ്ചാമത്തെ മന്ത്രിയായ മഞ്ഞളാംകുഴി അലിക്ക് പാര്‍ലമെന്ററി കാര്യവകുപ്പ് നല്‍കണം എന്നാണ് ലീഗ് ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ ഉറപ്പ് ലഭിക്കാത്തതിനാല്‍ മഞ്ഞളാംകുഴി അലി മറ്റ് മന്ത്രിമാര്‍ക്കൊപ്പം തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യില്ല എന്നാണ് സൂചന.

മന്ത്രിമാരുടെ എണ്ണത്തില്‍ ലീഗില്‍ ആശയക്കുഴപ്പം തുടരുന്നതിനാലാണ് പ്രഖ്യാപനം ഞായറാഴ്ചത്തേക്ക് നീട്ടിവച്ചത്. ലീഗ് നേതാക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുമായി ശനിയാഴ്ച രാത്രി ചര്‍ച്ച നടത്തി. കോട്ടയത്ത് നാട്ടകം ഗസ്റ്റ്‌ഹൌസില്‍ വച്ചായിരുന്നു ചര്‍ച്ച. സംസ്ഥാനത്ത് നാല് മന്ത്രിസ്ഥാനവും കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദിന് കാബിനറ്റ് റാങ്കും എന്നുള്ളതായിരുന്നു ആദ്യ ധാരണ. എന്നാല്‍, എ കെ ആന്റണി ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കള്‍ക്ക് ഇ അഹമ്മദിന് കാബിനറ്റ് പദവി നല്‍കുന്നതിനോട് യോജിപ്പ് ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. മഞ്ഞളാംകുഴി അലി യു ഡി എഫില്‍ ചേക്കേറിയപ്പോള്‍ അദ്ദേഹത്തിന് ഒരു മന്ത്രിസ്ഥാനം ലീഗ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ലീഗിന്റെ അഞ്ചാമത്തെ മന്ത്രിയായി അദ്ദേഹത്തെ അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

ലീഗിന് അഞ്ചാമത്തെ മന്ത്രി സ്ഥാനം നല്‍കുന്ന കാര്യം പരിഗണിക്കുകയോ ലോക്സഭാ പ്രതിനിധിയായ ഇ ടി മുഹമ്മദ് ബഷീറിന് സഹമന്ത്രി സ്ഥാനം നല്‍കുകയോ ആണ് ഇനി കോണ്‍ഗ്രസിന് മുന്നിലുള്ള പോംവഴികള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :