‘ഐസ്ക്രീം’ കാര്യമാക്കുന്നില്ല, കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍

മലപ്പുറം| WEBDUNIA|
PRO
മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ മത്സരിക്കും. എം കെ മുനീര്‍ കോഴിക്കോട് സൌത്തിലാണ് ജനവിധി തേടുക. യുവ നേതാവ് കെ എം ഷാജി അഴീക്കോട് സ്ഥാനാര്‍ത്ഥിയാകും.

മൂന്ന് ദിവസങ്ങളിലായി നടന്ന പാര്‍ലമെന്‍ററി യോഗത്തിനൊടുവില്‍ ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ത്ഥികളുടെ പേരുവിവരം പ്രഖ്യാപിച്ചത്. 24 സീറ്റുകളില്‍ 22 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇരവിപുരം, ഗുരുവായൂര്‍ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ഇനി തീരുമാനിക്കാനുള്ളത്.

ഐസ്ക്രീം കേസ് വീണ്ടും സജീവമായതിനെ തുടര്‍ന്ന് കുഞ്ഞാലിക്കുട്ടിക്ക് സീറ്റ് നല്‍കുമോ എന്നകാര്യം രാഷ്ട്രീയകേരളം ഉറ്റുനോക്കിയ ഒന്നാണ്. എന്തായാലും കുഞ്ഞാലിക്കുട്ടിക്ക് സീറ്റ് നല്‍കി വിവാദങ്ങളെ ഭയപ്പെടുന്നില്ല എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ലീഗ്.

എല്‍ ഡി എഫില്‍ നിന്ന് ലീഗില്‍ കുടിയേറിയ മഞ്ഞളാം‌കുഴി അലി പെരിന്തല്‍‌മണ്ണയിലാണ് ജനവിധി തേടുക. കെ എന്‍ എ ഖാദര്‍ വള്ളിക്കുന്നിലും അബ്ദു സമദ് സമദാനി കോട്ടയ്ക്കലും അബ്ദു റഹ്‌മാന്‍ രണ്ടത്താണി താനൂരിലും വി എം ഉമ്മര്‍ മാസ്റ്റര്‍ കൊടുവള്ളിയിലും യു സി രാമന്‍ കുന്ദമംഗലത്തും എം ഷസുദ്ദീന്‍ മണ്ണാര്‍ക്കാടും സീതിഹാജിയുടെ മകനായ പി കെ ബഷീര്‍ ഏറനാടും സി മമ്മൂട്ടി തിരൂരിലും മത്സരിക്കും.

ഒരു സ്വതന്ത്രന്‍ ഉള്‍പ്പടെ കഴിഞ്ഞ തവണ എട്ട് എം എല്‍ എമാരാണ് മുസ്ലിം ലീഗിന് ഉണ്ടായിരുന്നത്. ഇതില്‍ സി ടി അഹമ്മദലിക്കും കുട്ടി അഹമ്മദ് കുട്ടിക്കും ഇത്തവണ ലീഗ് സീറ്റ് നല്‍കിയിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :