ഹര്‍ഷന് അശോകചക്ര: അച്ഛന്‍ ഏറ്റുവാങ്ങും

രാജ്യത്തെ പരമോന്നത സൈനിക ബഹുമതി

caption harshan
WDWD

നൊമ്പരങ്ങള്‍ കടിച്ചമര്‍ത്തി വേദനകള്‍ ഉള്ളിലൊതുക്കിയാണ് തിരുവനന്തപുരത്തെ മണക്കാട് ശ്രീനഗര്‍ കോളനിയിലെ ചിത്രാലയത്തിലെ അഡ്വ.രാധാകൃഷ്ണന്‍ നായരും ഭാര്യ ചിത്രാംബികയും മകന്‍ മനുവും ഡല്‍‌ഹിയിലേക്ക് പുറപ്പെട്ടത്. വേദനിക്കുമ്പോഴും ഉള്ളുനിറയെ മരിച്ചുപോയ മകനെ കുറിച്ചുള്ള അഭിമാനമായിരുന്നു ആ അച്ഛനമ്മമാര്‍ക്ക്.

തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 20 ന് വീരചരമം പ്രാപിച്ച ക്യാപ്റ്റന്‍ ആര്‍.ഹര്‍ഷന് രാഷ്ട്രം പരമോന്നത സൈനിക ബഹുമതിയായ അശോകചക്രം നല്‍കി ആദരമര്‍പ്പിക്കുകയാണ്. അശോകചക്ര മെഡല്‍ ഏറ്റുവാങ്ങാനാണ് രാധാകൃഷ്ണന്‍ നായരും കുടുംബവും ഡല്‍‌ഹിയിലേക് തിരിച്ചത്.

കാശ്മീരിലെ ലോലബില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതിനെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഹര്‍ഷന്‍റെ നേതൃത്വത്തിലുള്ള സംഘം അങ്ങോട്ട് തിരിച്ചത്. കനത്ത മഞ്ഞുവീഴ്ചയേയും മഞ്ഞ് കാറ്റിനെയും അവഗണിച്ച് സംഘം അവിടെയെത്തി. തീവ്രവാദികള്‍ നാലു പേരുണ്ടായിരുന്നു.

അവരെ ധീരമായി നേരിട്ട ഹര്‍ഷന്‍റെ ദേഹത്ത് അനേകം വെടിയുണ്ടകള്‍ പാഞ്ഞുകയറി. പക്ഷെ, അദ്ദേഹം ധൈര്യം കൈവിട്ടില്ല. മുറിവേറ്റു വീണിട്ടും രണ്ട് ഭീകരരെ അദ്ദേഹം വെടിവച്ചിട്ടു.
harshan
WDWD


അപായത്തിനു മുമ്പില്‍ പതറാതെ സംഘത്തിലെ മറ്റുള്ളവര്‍ക്ക് ധൈര്യമേകി. സംഘം ഭീകരരെ ഉന്‍‌മൂലനാശനം ചെയ്തപ്പോഴേക്കും ക്യാപ്റ്റന്‍ ഹര്‍ഷന്‍ രാജ്യത്തിനു വേണ്ടി ജീവിതം ബലിയര്‍പ്പിച്ചു കഴിഞ്ഞിരുന്നു.

മകന്‍ മരിച്ച വേദന അച്ഛനമ്മമാര്‍ക്ക് ഒരിക്കലും മാറ്റാനാവില്ല. പക്ഷെ, മകന്‍ രാജ്യത്തിനു വേണ്ടിയാണ് പൊരുതി മരിച്ചത് എന്ന കാര്യത്തില്‍ ഇവര്‍ അഭിമാനിക്കുന്നു. മകന് മരണാനന്തരമായി രാജ്യം അശോകചക്രം നല്‍കുമ്പോള്‍ ഈ അഭിമാനം ശതഗുണീഭവിക്കുന്നു.
തിരുവനന്തപുരം| WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :