രത്നവ്യാപാരിയായിരുന്ന ഹരിഹരവര്‍മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച വീണ്ടും തെളിവെടുപ്പ് നടത്തും. പേരൂര്‍ക്കട സി ഐ പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം പ്രതികളുമായി ബാംഗ്ലൂരില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. കേരളത്തിനുള്ളിലെ ചില പ്രദേശങ്ങളിലേക്കാണ് പ്രതികളെ കൊണ്ടുപോയി ചൊവ്വാഴ്ച തെളിവെടുക്കുന്നത്.
തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് അന്വേഷണസംഘം ബാംഗ്ലൂരില്‍ നിന്ന്തിരുവനന്തപുരത്ത് മടങ്ങിയെത്തിയത്. മരതകത്തില്‍ നിര്‍മിച്ച ഒരു ഗണപതിവിഗ്രഹം, മാല, മൊബെയിലുകള്‍, സിംകാര്‍ഡുകള്‍, രത്നങ്ങള്‍ തുടങ്ങി മിക്കവാറും എല്ലാ തൊണ്ടിമുതലുകളും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പ്രതികളുമായി ഇടപാടുള്ളവരുടെയും മറ്റും വിവരങ്ങള്‍ ശേഖരിക്കുക എന്ന ഉദ്ദേശത്തോടെയാണ് സി ഐയുടെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച രണ്ടാംഘട്ട തെളിവെടുപ്പിന് ഇറങ്ങുന്നത്. തുടര്‍ന്ന് പ്രതികളെ കോടതിയില്‍ ഹാജരാക്കും.
കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തലശേരി സ്വദേശി ജിതേഷാണ് സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍. കോഴിക്കോട് കുറ്റ്യാടി സ്വദേശി അജീഷ്, ജിതേഷിന്റെ ബന്ധുവും ബാംഗ്ലൂരില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുമായ രാഗില്‍, ചാലക്കുടി സ്വദേശിയും ബാംഗ്ലൂരില്‍ വിദ്യാര്‍ഥിയുമായ രാഗേഷ്, കൂര്‍ഗില്‍ താമസിക്കുന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ജോസഫ് എന്നിവരാണ് പിടിയിലായ കൂട്ടുപ്രതികള്‍.
ഹരിഹര വര്‍മ്മ വില്‍ക്കാന്‍ ശ്രമിച്ചത് അമൂല്യ രത്നങ്ങളായിരുന്നില്ലെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. വര്‍മയില്‍ നിന്ന് രത്നങ്ങള്‍ തട്ടിയെടുക്കാനായിരുന്നു പ്രതികളുടെ ശ്രമം. ഇതിനായി വന്‍ പദ്ധതികളാണ് പ്രതികള്‍ തയ്യാറാക്കിയിരുന്നത്.
അതേസമയം, ഹരിഹരവര്‍മ്മയെ ചുറ്റിപ്പറ്റി ഒട്ടേറെ ദുരൂഹതകളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇയാള്‍ക്ക് രണ്ട് ഭാര്യമാര്‍ ഉണ്ടായിരുന്നതായും പൊലീസിന്റെ അന്വേഷണത്തില്‍ വെളിച്ചത്തുവന്നിരുന്നു.