രത്നവ്യാപാരി ഹരിഹര വര്‍മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യത്തിന് നല്‍കി.
കേസില്‍ അന്വേഷണം ഇഴയുന്നുവെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് സര്‍ക്കാര്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. നെട്ടയത്തെ വീട്ടില്‍ ഹരിഹരവര്‍മ കൊലചെയ്യപ്പെട്ടിട്ട് 10 ദിവസം പിന്നിടുമ്പോഴും അന്വേഷണത്തെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയാറായിരുന്നില്ല.
മാവേലിക്കര സ്വദേശി ഹരിഹരവര്‍മയുടെ പൂര്‍വ പശ്‌ചാത്തലം ദുരൂഹവും നിഗൂഢവുമാണ്. കൊലയ്‌ക്ക് ദൃക്‌സാക്ഷിയാണെന്നു കരുതപ്പെടുന്ന അഡ്വ. ഹരിദാസിന്റെ മൊഴിയിലും നിറഞ്ഞു നില്‍കുന്നതു ദുരൂഹതയാണ്. ഹരിഹര വര്‍മയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഇടപാടുകളുടെ ചില രേഖകളും ഡയറിയും ലഭിച്ചു. അഡ്വ.ഹരിദാസിന്റെ മൊബൈലില്‍ നിന്നുള്ള കോളുകളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയിലെ ഒരു യുവതിയുമായി വര്‍മ ബന്ധം പുലര്‍ത്തിയിരുന്നു. ഈ ബന്ധം തെളിയിക്കുന്ന രേഖകള്‍ വട്ടിയൂര്‍ക്കാവിലെ വീട്ടില്‍നിന്നു പൊലീസ് കണ്ടെടുത്തു. യുവതിയെത്തേടി അന്വേഷണസംഘം കൊച്ചിയിലും പാലക്കാട്ടും എത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രതികളുടേതെന്നു സംശയിക്കുന്ന വിരലടയാളങ്ങളും സാക്ഷികള്‍ നല്‍കിയ വിവരങ്ങള്‍ വച്ചു തയാറാക്കിയ രണ്ടു രേഖാചിത്രങ്ങളും അയല്‍ സംസ്‌ഥാനങ്ങളിലെ ഇന്റലിജന്‍സ് വിഭാഗത്തിനു കൈമാറി.
വര്‍മയില്‍നിന്നു വില കുറഞ്ഞ രത്നങ്ങള്‍ വാങ്ങി കബളിപ്പിക്കപ്പെട്ടവരാണോ കൊലയ്‌ക്കു പിന്നിലെന്നു പൊലീസ് സംശയിക്കുന്നുണ്ട്. ഹോട്ടല്‍ കേന്ദ്രീകരിച്ച് കച്ചവടത്തിന് എത്തിയവരെ പൊലീസ് തിരയുന്നുണ്ട്.