കാസര്‍കോട് ബേക്കലിലെ ഹംസ വധക്കേസ് പ്രതി അബ്ദുള്ള (64) പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം. ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് അബ്ദുള്ളയെ ഉളിയത്തടുക്കയിലെ വീട്ടില്‍ നിന്ന് ക്രൈം ഡിറ്റാച്ച്‌മെന്റ് സ്ക്വാഡ് കസ്റ്റഡിയിലെടുത്തത്. കൊച്ചി സി ബി ഐ കോടതി പുറപ്പെടുവിച്ച വാറണ്ട് അനുസരിച്ചായിരുന്നു ഇത്.
എന്നാല്‍ നെഞ്ച് വേദനയെത്തുടര്‍ന്ന് വൈകിട്ട് ആറ് മണിയോടെ ഇയാള്‍ മരിക്കുകയായിരുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് അബ്ദുള്ളയുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ ബഹളം വച്ചു.
കാസര്‍ഗോഡ് ഡി വൈ എസ് പി വിക്രമിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അബ്ദുള്ളയെ കസ്റ്റഡിയിലെടുത്തത്. അബ്ദുള്ള ഹൃദ്രോഗിയാണെന്നും അറസ്റ്റ് ചെയ്യരുതെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ പ്രതിയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടെന്നും തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നെന്നും പൊലീസ് അറിയിച്ചു.
മൃതദേഹം വെള്ളിയാഴ്ച പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യും. സംഭവത്തെത്തുടര്‍ന്ന് സി ബി ഐ സംഘം കാസര്‍ഗോട്ടേയ്ക്ക് പുറപ്പെട്ടു. ബേക്കല്‍ സ്വദേശിയായ ഹംസ വെടിയേറ്റ് മരിച്ച സംഭവത്തിലെ മൂന്നാം പ്രതിയാണ് അബ്ദുള്ള.