സ്മാര്‍ട് സിറ്റി: ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ശര്‍മ

തിരുവനന്തപുരം| WEBDUNIA|
സ്‌മാര്‍ട് സിറ്റിയുടെ കൊച്ചിയിലെ ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് മന്ത്രി എസ് ശര്‍മ വ്യക്തമാക്കി. സര്‍ക്കാരിന്‍റെ സമീപനമോ, നയമോ പദ്ധതി നഷ്‌ടപ്പെടാന്‍ കാരണമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്മാര്‍ട്ട്‌ സിറ്റി ഭൂമിയുടെ സ്വതന്ത്രാവകാശ തര്‍ക്കം പരിഹരിക്കുന്നത്‌ വരെ കൊച്ചിയിലുള്ള ടീകോമിന്‍റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി ടീകോം ചെയര്‍മാന്‍ ഫരീദ്‌ അബ്ദുള്‍ റഹ്‌മാന്‍ ഇന്ന് അറിയിച്ചിരുന്നു.

സ്മാര്‍ട്ട് സിറ്റി പദ്ധതി വൈകുന്നതിന് കേരള സര്‍ക്കാരാണ് ഉത്തരവാദിയെന്ന് ഫെബ്രുവരിയില്‍ സ്‌മാര്‍ട്ട്‌ സിറ്റി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ പദ്ധതി ഇനിയും നീളും. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാട്ടുന്ന ഉദാസീനത പദ്ധതിക്ക്‌ ഗുണം ചെയ്യില്ലെന്നും അധികൃതര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

പദ്ധതി പ്രദേശത്തെ 30 ഏക്കര്‍ സ്ഥലത്ത് സ്വതന്ത്രാവകാശം ഉണ്ടാകുമെന്ന് ടീകോമുമായുള്ള സര്‍ക്കാരിന്‍റെ ആദ്യ ഉടമ്പടിയില്‍ നിബന്ധനയുണ്ടായിരുന്നു. എന്നാല്‍, ഈ നിബന്ധന പുതിയ ഉടമ്പടിയില്‍ ചേര്‍ത്തിരുന്നില്ല. വിദേശ കമ്പനിക്കു രാജ്യത്തിനകത്തു സ്വതന്ത്രാവകാശം നല്‍കാന്‍ കഴിയില്ലെന്നും, ഇക്കാര്യം നിര്‍മാണം തുടങ്ങിയശേഷം ആലോചിക്കാമെന്നുമാണ് സര്‍ക്കാര്‍ പറഞ്ഞത്. സര്‍ക്കാരിന്‍റെ പെട്ടെന്നുള്ള ഈ നയം മാറ്റം ടീകോം അധികൃതരെ കടുത്ത നിലപാടെടുക്കുന്നതിലേക്ക് നയിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :