സ്ഥാനമൊഴിയില്ലെന്ന് പിണറായി

WEBDUNIA| Last Modified ബുധന്‍, 11 ഫെബ്രുവരി 2009 (10:48 IST)
പാലക്കാട്: സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് താന്‍ മാറി നില്‍ക്കണം എന്ന് ചിലര്‍ ആഗ്രഹിക്കുന്നുണ്ടെന്നും അവരുടെ ആഗ്രഹം മനസിലിരിക്കുകയേ ഉള്ളൂ എന്നും പിണറായി വിജയന്‍. നവകേരളയാത്രയ്ക്കിടെ പട്ടാമ്പിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം‍.

ഒരു ദിവസം കൊണ്ട്‌ പെട്ടെന്ന് താന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് എത്തുകയായിരുന്നില്ല. പാര്‍ട്ടിയാണ് തന്നെ സെക്രട്ടറിയാക്കിയത്. പാര്‍ട്ടി പറയുന്നതു വരെ ആ സ്ഥാനത്ത് തുടരുകയും ചെയ്യും. ആര്‌ എന്തു ചെയ്യണമെന്ന്‌ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്.

പാര്‍ട്ടി ഏല്‍പിച്ചിരിക്കുന്ന ദൗത്യങ്ങള്‍ കൃത്യമായി നിര്‍വഹിക്കും. ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പാര്‍ട്ടിയില്‍ ആരും ചെയ്യില്ലെന്നും അങ്ങനെ ചെയ്താല്‍ പാര്‍ട്ടിയില്‍ നില്‍ക്കാനാവില്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്നും പിണറായി പറഞ്ഞു.

പാര്‍ട്ടിയില്‍ കൊള്ളരുതാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കും. അത്തരക്കാരെ സംരക്ഷിക്കുന്ന നിലപാട് പാര്‍ട്ടിക്കില്ല. എന്നാല്‍ അത്തരം നിലപാടാണ്‌ ചില മാധ്യമങ്ങള്‍ക്ക്‌. മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ കൊള്ളരുതാത്തവരുണ്ട്‌. ചില മാധ്യമപ്രവര്‍ത്തകര്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. മാധ്യമപ്രചരണങ്ങളില്‍ പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ക്ക്‌ പോലും ആശയക്കുഴപ്പം ഉണ്ടായി.

ലാവ്‌ലിന്‍ കേസ്‌ പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പിച്ചിട്ടില്ല. പാര്‍ട്ടി പറയുന്ന കാര്യങ്ങള്‍ ശരിയാണെന്ന്‌ ജനങ്ങള്‍ക്ക്‌ ബോധ്യമായി വരികയാണ്‌. കേസ് സംബന്ധിച്ച് പാര്‍ട്ടി സ്വീകരിച്ച നിലപാടിനെ സാധൂകരിക്കുന്ന തെളിവുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിലും സര്‍ക്കാരിന് ഒന്നും മറച്ചു വയ്ക്കാനില്ല. സാധാരണനിലയ്ക്ക്‌ സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ വിഴിഞ്ഞത്തിന്‍റെ കാര്യത്തിലും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. വിഴിഞ്ഞം പദ്ധതി നടപ്പാക്കുക തന്നെ ചെയ്യും.

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ എന്‍ സി പിയുമായി ഇതുവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക്‌ ആവശ്യമായ സംരക്ഷണം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :