സ്കൂള്‍ വാന്‍ പുഴയിലേക്ക് മറിഞ്ഞു, 6 മരണം

തിരുവനന്തപുരം| WEBDUNIA|
PRO
തിരുവനന്തപുരത്ത് ചാ‍ക്കയ്ക്കടുത്ത് സ്കൂള്‍ വാന്‍ പുഴയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ അഞ്ചു കുട്ടികളും ജീവനക്കാരിയും മരിച്ചു. പേട്ട ചാക്ക ബൈപാസ് റോഡില്‍ കരിക്കകം ക്ഷേത്രത്തിനു സമീപമാണ് അപകടം ഉണ്ടായത്. ബസിന് സൈഡ് കൊടുക്കുന്നതിനിടെ കല്ലില്‍ തട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

പേട്ടയ്ക്കടുത്ത് ലിറ്റില്‍ ഹാര്‍ട്‌സ് കിന്റര്‍ഗാര്‍ഡനിലെ കുട്ടികളാണ് അപകടത്തില്‍ പെട്ടത്. സ്കൂള്‍ ജീവനക്കാരി വട്ടിയൂര്‍ക്കാവ് സ്വദേശി ബിന്ദു, കുട്ടികളായ അച്ചു, ഉജ്ജ്വല്‍, അര്‍ഷ ബൈജു, ജിനു അസുമുദ്ദീന്‍, മാളവിക എന്നിവരാണ് മരിച്ചവര്‍. മാളവിക ഉച്ചകഴിഞ്ഞ് നാലുമണിയോടെയാണ് മരിച്ചത്. മറ്റു നാലു കുട്ടികളും രാവിലെ തന്നെ മരിച്ചിരുന്നു. നേഴ്സറി സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് മരിച്ചത്.

കൂടാതെ, കിംസ് ആശുപത്രിയില്‍ കഴിയുന്ന ജാനകി എന്ന കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. അതേസമയം, എസ് എ ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആന്‍സി, ലോര്‍ഡ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച റിസ്വാന്‍, റഫീഖ് എന്നീ കുട്ടികളും അപകടനില തരണം ചെയ്തിട്ടുണ്ട്.

പാര്‍വതി പുത്തനാറിലേക്കാണ് വാന്‍ മറിഞ്ഞത്. അപകടത്തില്‍ പെട്ട നാലു കുട്ടികളെ ആദ്യം രക്ഷപ്പെടുത്തിയിരുന്നു എങ്കിലും ഈ കുട്ടികളുടെ നില അതീവഗുരുതരമായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഈ കുട്ടികള്‍ മരിക്കുകയായിരുന്നു. ഡ്രൈവര്‍ സുമേഷ് മെഡിക്കല്‍ കോളജിലാണ്.

അപകടത്തില്‍പെട്ട എല്ലാവരെയും കരയ്ക്ക് അടുപ്പിച്ചു കഴിഞ്ഞിട്ടും തിരച്ചില്‍ തുടര്‍ന്നിരുന്നു. കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുമെന്ന സംശയം നിലനിന്നതിനാല്‍ ആയിരുന്നു ഇത്. അപകടത്തില്‍പെട്ട മാരുതി ഒമ്നി വാനും കരയ്ക്കെത്തിച്ചു.

പുഴയിലെ പായല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :