സൌമ്യ വധം: പോസ്റ്റുമോര്‍ട്ടം നടത്തിയത് ഡോ. ഉന്മേഷ് തന്നെ?

തൃശൂര്‍| WEBDUNIA|
PRO
PRO
ട്രെയിന്‍ യാത്രയ്ക്കിടെ പീഡനത്തിനിരയായി കൊല്ലപ്പെട്ട സൌമ്യയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. പോസ്റ്റുമോര്‍ട്ടം നടത്തിയെന്ന് നേരത്തെ അവകാശപ്പെട്ട ഷേര്‍ളി വാസുവിന്റെ ഒപ്പ് റിപ്പോര്‍ട്ടിലില്ല. ഡോക്ടര്‍ ഉന്‍മേഷ് അന്വേഷണ കമ്മിഷന് മുന്‍പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ കോപ്പി മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചു.

ഈ റിപ്പോര്‍ട്ടില്‍ ഡോക്ടര്‍ ഉന്‍മേഷ് ഒപ്പിട്ടിട്ടുണ്ട്. ഇദ്ദേഹത്തിന് പുറമെ പോസ്റ്റുമോര്‍ട്ടത്തില്‍ പങ്കെടുത്ത മറ്റു ഡോക്ടര്‍മാരായ രാജേന്ദ്ര പ്രസാദ്, ഷാഹിദ, സഞ്ജയ്. എന്നിവരുടെ ഒപ്പുകളുമുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം 9.30-ന് പൊലീസിന് കൈമാറി എന്നാണ് ഡോക്ടര്‍ ഉന്മേഷിന്റെ റിപ്പോര്‍ട്ടിലുള്ളത്. രാവിലെ 7 മണിക്ക് പോസ്റ്റ്മോര്‍ട്ടം തുടങ്ങിയെന്നും 9.10-ന് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ ഷേര്‍ളി വാസു അതിവേഗ കോടതിയില്‍ ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ 10.15-ന് മൃതദേഹം പൊലീസിന് കൈമാറിയതെന്നാണ് പറയുന്നത്. മാത്രമല്ല ഇവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇവരുടെ ഒപ്പ് മാത്രമേയുള്ളൂ. പ്രമാദമായ കൊലപാതകങ്ങളില്‍ പോസ്റ്റ്മോര്‍ട്ടം നടത്തുമ്പോള്‍ ഒന്നിലധികം ഡോക്ടര്‍മാരുടെ സാന്നിധ്യം ഉണ്ടായിരിക്കണമെന്ന വസ്തുത ഡോക്ടര്‍ ഉന്മേഷ് ചൂണ്ടിക്കാട്ടി.

എന്നാല്‍ രണ്ട് റിപ്പോര്‍ട്ടുകളിലും മരണകാരണം ഒന്നുതന്നെയാണ്. തലയ്ക്കേറ്റ ഗുരുതര പരുക്കും ആന്തരിക അവയവങ്ങളില്‍ രക്തസ്രാവം ഉണ്ടായതുമാണ് സൌമ്യയുടെ മരണകാരണമെന്ന് രണ്ട് റിപ്പോര്‍ട്ടിലും പറയുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :