തിരുവനന്തപുരം|
സജിത്ത്|
Last Updated:
ശനി, 21 ഒക്‌ടോബര്‍ 2017 (14:32 IST)
സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളെ ഒറ്റക്കെട്ടായി നേരിടാൻ കോൺഗ്രസ് തീരുമാനം. ഇന്ന് ചേർന്ന രാഷ്ട്രീയകാര്യ സമിതിയാണ് ഇക്കാര്യം സംബന്ധിച്ച തീരുമാനമെടുത്തത്. ഈ കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും കെപിസിസി അധ്യക്ഷൻ
എം.എം.ഹസൻ പറഞ്ഞു.
സോളാര്‍ റിപ്പോർട്ട് ഇത്ര തിടുക്കപ്പെട്ട് നിയമസഭയിൽ വയ്ക്കുന്നത് സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നടപടിയുടെ ഭാഗമാണെന്നും ഹസൻ വിമർശിച്ചു. ഉമ്മൻ ചാണ്ടിയെപ്പോലെ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ നേതാവിനെ അപമാനിക്കാൻ 30ലേറെ കേസുകളിൽ പ്രതിയായ സരിതയുടെ വാക്കുകൾ വിശ്വാസത്തിലെടുക്കുന്നത് അപമാനകരമാണെന്നും ഹസൻ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ജാഥയിൽ സോളാർ കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പുതിയ സംഭവവികാസങ്ങളും അതുമായി ബന്ധപ്പെട്ട സർക്കാർ കൈക്കൊണ്ട നടപടിയിലെ അപാകതകളും തുറന്നു കാട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേതാക്കൾക്കെതിരെ കേസെടുക്കാനുള്ള സർക്കാർ തീരുമാനത്തെ നിയമപരമായി നേരിടാൻ നിയമ വിദഗ്ധരുടെ ഉപദേശങ്ങൾ തേടുമെന്നും ഹസൻ അറിയിച്ചു.