സൈലന്‍റ് വാലി റിസോര്‍ട്ട് ഉദ്ഘാടനം: കോടിയേരി പിന്‍മാറി
പാലക്കാട്|
WEBDUNIA|
PRO
സൈലന്‍റ് വാലിയിലെ വിവാദ റിസോര്‍ട്ട് ഉദ്ഘാടനത്തില്‍ നിന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പിന്‍മാറി. റിസോര്‍ട്ട് അനധികൃതമായി നിര്‍മിച്ചതാണെന്ന് ആരോപണമുണ്ടായതിനെ തുടര്‍ന്നാണിത്. വിവാദമായ റിസോര്‍ട്ട് ഇന്ന് ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. ചടങ്ങില്‍ അധ്യക്ഷത വഹിക്കാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബിയേയും ക്ഷണിച്ചിരുന്നു.
സൈലന്‍റ് വാലി ബഫര്‍ സോണില്‍പെട്ട ആനവായി ഫോറസ്റ്റ് സ്റ്റേഷനിലെ ചിണ്ടക്കിയില്‍ 3.51 ഏക്കറിലാണ് മണ്ണാര്‍ക്കാട് സ്വദേശി റിസോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ളതും മുഡുഗ, കുറുമ്പ വിഭാഗത്തില്‍ പെട്ട ആദിവാസികള്‍ താമസിക്കുന്ന ഊരുകള്‍ക്ക് സമീപവുമാണ് റിസോര്‍ട്ട്. ഇതില്‍ ഒന്നര ഏക്കറിന് മാത്രമേ പട്ടയമുള്ളുവെന്നും ബാക്കി തങ്ങളുടെ ഭൂമി വ്യാജ രേഖ ഉപയോഗിച്ച് തട്ടിയെടുത്താണന്നും ആദിവാസികള്‍ ആരോപിച്ചിരുന്നു.
സൈലന്‍റ്‌വാലിയിലെ അനധികൃത റിസോര്‍ട്ട് സംബന്ധിച്ച് ഉത്തരമേഖല സിസിഎഫിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയെടുക്കുമെന്ന് വനം മന്ത്രി ബിനോയ് വിശ്വവും പറഞ്ഞിരുന്നു.