തിരുവനന്തപുരം|
സജിത്ത്|
Last Modified ശനി, 17 ജൂണ്‍ 2017 (08:33 IST)
ഡി ജി പി ടി പി സെൻകുമാറിനെതിരെ വീണ്ടും കടുത്ത നിലപാടുമായി
സർക്കാർ. ഡി ജി പി എന്ന നിലക്ക് ഇറക്കിയ ഉത്തരവിന് അടിയന്തരമായി വിശദീകരണം ആവശ്യപ്പെട്ട് ആഭ്യന്തരസെക്രട്ടറി സുബ്രതോ ബിശ്വാസ് വെള്ളിയാഴ്ച സെംകുമാറിന് നോട്ടീസ് നൽകി. സർവ്വീസിൽനിന്ന് വിരമിക്കാൻ ഇനി ദിവസങ്ങൾമാത്രം ബാക്കിയുള്ള സെൻകുമാറിനെതിരെ അച്ചടക്ക നടപടി ഉൾപ്പെടെ കൈക്കൊള്ളുന്നതിന് മുന്നോടിയായാണ് വിശദീകരണം ആവശ്യപ്പെട്ടതെന്നാണ് സൂചന.
പൊലീസ് ആസ്ഥാനത്തെ ടി ബ്രാഞ്ചിന്റെ ചുമതല തനിക്കാണെന്നുൾപ്പെടെ വ്യക്തമാക്കി ഡി.ജി.പി കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം ആവശ്യപ്പെട്ടതെന്നാണ് സൂചന. ഇതിനുമുമ്പ് ടി ബ്രാഞ്ചിലെ ജൂനിയർ സൂപ്രണ്ട് കുമാരി ബീനയെ സ്ഥലം മാറ്റിയ നടപടിയിലും എ.ഡി.ജി.പി ടോമിൻ ജെ തച്ചങ്കരിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിലും സെൻകുമാറിനോട് സർക്കാർ വിശദീകരണം തേടിയിരുന്നു. അതിന്റെ തുടർച്ചയാണ് ഈ പുതിയ നടപടി.