സെക്‌സ് ടൂറിസത്തിനെതിരെ നിയമം കൊണ്ടുവരും: മുഖ്യമന്തി

കല്‍പറ്റ| WEBDUNIA|
ആയുര്‍വേദത്തിന്‍റെ മറവില്‍ സെക്സ്‌ ടൂറിസം വ്യാപകമാകുന്നതിനെതിരെ നിയമം കൊണ്ടുവരുമെന്ന്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍. വയനാട് ഇരുളത്ത് കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലയുടെ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയയിരുന്നു അദ്ദേഹം.

ചടങ്ങില്‍ മുഖ്യമന്ത്രി എഴുതി തയ്യാറാക്കിയ പ്രസംഗം വായിക്കുകയായിരുന്നു. ചടങ്ങിനു മുന്‍പ് മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ ചോദ്യങ്ങളുമായി വളഞ്ഞെങ്കിലും പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.

അതേസമയം, മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‌ നിവേദനം നല്‍കാനെത്തിയ പൂതാടി ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്‍റ് വി എന്‍ ശശീന്ദ്രനെ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ തടഞ്ഞതിനെ തുടര്‍ന്ന് ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു ശശീന്ദ്രന്‍ നിവേദനം നല്‍കാന്‍ എത്തിയത്. ശശീന്ദ്രന് നിവേദനം നല്‍കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വേദിക്കരികെ പ്രതിഷേധ പ്രകടനം നടത്തി.

പ്രകടനക്കാരെ മാറ്റാന്‍ സി പി എം ​പ്രവര്‍ത്തകര്‍ എത്തിയതോടെ രംഗം വഷളായി. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെ ഇവരെ പിടിച്ചുമാറ്റി. ബഹളം ശ്രദ്ധയില്‍പെട്ട വി എസ് കാര്യം അന്വേഷിക്കുകയും തുടര്‍ന്ന് നിവേദനം തനിക്ക് എത്തിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :