സൂര്യടിവിക്ക് ഏഷ്യാനെറ്റിന്‍റെ പുതുവര്‍ഷക്കാരുണ്യം!

തിരുവനന്തപുരം| WEBDUNIA| Last Modified ശനി, 1 ജനുവരി 2011 (14:56 IST)
പുതുവര്‍ഷപ്പിറവിയില്‍ സൂര്യ ടിവിക്ക് ഏഷ്യാനെറ്റിന്‍റെ കാരുണ്യം. പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാര്‍ കൂട്ടത്തോടെ കൈയൊഴിഞ്ഞപ്പോള്‍ ആണ് പുതുവത്സരദിനത്തില്‍ ഏഷ്യാനെറ്റിന്‍റെ വാത്സല്യം സൂര്യ ടിവിയും കൂട്ടരും അറിഞ്ഞത്. കേബിള്‍ ഓപ്പറേറ്റര്‍മാര്‍ പ്രഖ്യാപിച്ച സമരത്തില്‍ പലയിടങ്ങളിലും സൂര്യ പ്രേക്ഷകരില്‍ നിന്ന് അകലെ പോയപ്പോള്‍ നഗരങ്ങളില്‍ സമരം കാര്യമായി സൂര്യയെ ബാധിച്ചില്ല.

നഗരങ്ങളില്‍ വിപുലമായി കേബിള്‍ ശൃംഖലയുള്ള ഏഷ്യാനെറ്റ്‌ കമ്യൂണിക്കേഷന്‍സ്‌ ബഹിഷ്‌കരണത്തില്‍ പങ്കെടുത്തില്ല. നഗരങ്ങളില്‍ ചില ഭാഗങ്ങളില്‍ മാത്രം ഈ ചാനലുകള്‍ ലഭിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ, ഏഷ്യാനെറ്റ്‌ കമ്യൂണിക്കേഷന്‍സും സണ്‍ ഗ്രൂപ്പും ചേര്‍ന്ന്‌ പ്രേക്ഷകരെ വഞ്ചിക്കുകയാണെന്നാണ് ഓപ്പറേറ്റര്‍മാരുടെ ഇപ്പോഴത്തെ ആരോപണം.

സൂര്യ, കിരണ്‍ എന്നീ മലയാളം ചാനലുകളും കെ ടി വി, സണ്‍ ടി വി എന്നീ തമിഴ്‌ ചാനലുകളും ഉള്‍പ്പെടെ സണ്‍ നെറ്റ്‌വര്‍ക്കിന്‍റെ നിരവധി ചാനലുകളാണ്‌ കഴിഞ്ഞദിവസം രാത്രി ഏഴുമണിമുതല്‍ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ ബഹിഷ്‌കരിച്ചത്‌. കേരളത്തില്‍ കൂടുതല്‍ പ്രേക്ഷകരുള്ള മലയാളം, തമിഴ് ചാനലുകളാണ് ഇവ രണ്ടും. പേ ചാനലുകള്‍ക്കെതിരായ സമരത്തിന്‍റെ ഭാഗമായാണ്‌ പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാര്‍ സണ്‍നെറ്റ്‌വര്‍ക്ക്‌ ബഹിഷ്‌കരിച്ചത്. നേരത്തേ ഏഷ്യാനെറ്റിനെതിരേ നടത്തിയ ബഹിഷ്‌കരണത്തിന്‍റെ മാതൃകയിലായിരുന്നു സണ്‍ നെറ്റ്‌വര്‍ക്കിനോടുള്ള ഇത്തവണത്തെ ബഹിഷ്ക്കരണം‌.

കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷനും (സി ഒ എ) മീഡിയ ആന്‍ഡ്‌ കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷനും (എം സി ഒ എ) സംയുക്തമായാണ്‌ സമരം പ്രഖ്യാപിച്ചത്‌. ഡിസംബര്‍ 30-ന്‌ ഇക്കാര്യം അറിയിച്ചുകൊണ്ട് എറണാകുളത്ത് വെച്ച് ഇവര്‍ വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തു. എന്നാല്‍, ഇക്കാര്യം അറിയാതിരുന്ന പ്രേക്ഷകലക്ഷങ്ങള്‍ കഴിഞ്ഞദിവസം രാത്രി ‘നിലവിളക്ക്, കാണുന്നതിനു വേണ്ടി സൂര്യ തിരഞ്ഞപ്പോഴാണ് കാര്യം അറിയുന്നത്.

ഏതായാലും പുതുവര്‍ഷത്തില്‍ തന്നെ പണികിട്ടിയതോടെ സൂര്യ ചാനലിന് നഷ്ടം ചില്ലറയൊന്നുമല്ല. പുതുവര്‍ഷവുമായി ബന്ധപ്പെട്ട്‌ സണ്‍ ഗ്രൂപ്പ്‌ ചാനലുകള്‍ പ്രഖ്യാപിച്ചിരുന്ന വിവിധ പരിപാടികള്‍ പ്രേക്ഷകരിലെത്താതെ പോയത് മാത്രമല്ല നഷ്ടം, പരസ്യ ഇനത്തിലും വന്‍ നഷ്ടമാണ് വന്നിരിക്കുന്നത്. പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാര്‍ മുഴുവനും സി ഒ എയില്‍ അംഗമായതുകൊണ്ട്‌ അവരുടെ കണക്ഷന്‍ ഉള്ളിടങ്ങളിലും ഈ ചാനലുകള്‍ ലഭിച്ചില്ല. ഇഷ്‌ടമുള്ള ചാനലുകള്‍ മാത്രം തെരഞ്ഞെടുക്കാന്‍ പ്രേക്ഷകര്‍ക്ക്‌ അവസരം നല്‍കാതെ, അവര്‍ക്ക്‌ പേ ചാനലുകള്‍ നല്‍കാന്‍ ഓപ്പറേറ്റര്‍മാരെ നിര്‍ബന്ധിക്കുന്നതിന് എതിരെയാണു ബഹിഷ്‌കരണമെന്ന്‌ സി ഒ എ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :