കശ്മീരില്‍ സേനയുടെ വെടിയേറ്റ് മരിച്ച മലയാളി തീവ്രവാദികളും പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ഭാര്യ സൂഫിയയും തമ്മിലുള്ള ബന്ധം എന്താണെന്ന് വെളിപ്പെടുത്തണമെന്ന് ബി ജെ പി. കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനാണ് ഈ ആവശ്യം ഉന്നയിച്ചത്.
മദനിക്ക് ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് കളമശ്ശേരിയില്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസ് കത്തിച്ച സംഭവത്തില്‍ പ്രതികളാണ് കശ്മീരില്‍ കൊല്ലപ്പെട്ടത്. ഇവര്‍ സൂഫിയയുമായി അടുപ്പമുളളവരായിരുന്നു എന്ന് രാധാകൃഷ്ണന്‍ പറഞ്ഞു.
കശ്മീരില്‍ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാല് തീവ്രവാദികളില്‍ രണ്ട് പേര്‍ ബസ് കത്തിക്കല്‍ സംഭവത്തില്‍ പ്രധാന പ്രതികളായിരുന്നു. ഇതില്‍ ഒരാള്‍ പാകിസ്ഥാനില്‍ നിന്ന് പരിശീലനം സിദ്ധിച്ച ആളാണെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു.
ബസ് കത്തിക്കല്‍ കേസുമായി ബന്ധപ്പെട്ട പ്രാരംഭ അന്വേഷണത്തില്‍, അതിന് ഒത്താശ ചെയ്തത് സൂഫിയ മദനിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നുവെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. സൂഫിയയ്ക്ക് തീവ്രവാദികളുമായി ബന്ധമുണ്ടെന്നുള്ളത് തെളിയിക്കുന്ന കാര്യങ്ങളാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.