'മമ്മൂട്ടിയും മോഹന്‍ലാലും മാത്രമാണ് സൂപ്പര്‍സ്‌റ്റാറുകള്‍. സുരേഷ് ഗോപിയൊക്കെ സൂപ്പര്‍സ്‌റ്റാറാണോ?' എന്ന് മംഗളം വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലൂടെ കത്തിക്കയറിയ സന്തോഷ് പണ്ഡിറ്റ് അവസാനം സുരേഷ് ഗോപിയുടെ ആരാധകരുടെ മുന്നില്‍ മുട്ടുമടക്കി. താന്‍ സുരേഷ് ഗോപിയുടെ വലിയ ആരാധകനാണ് എന്നാണ് പണ്ഡിറ്റിപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
സ്കൂപ്പ് കണ്ടെത്തുന്നതില്‍ എന്നും മുന്‍പന്തിയിലായ മംഗളം വാരികയുടെ ഈ ലക്കം പുറത്തിറങ്ങിയത് സന്തോഷ് പണ്ഡിറ്റിന്റെ പ്രത്യേക അഭിമുഖവുമായാണ്. ഈ അഭിമുഖത്തിലാണ് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ‘സുരേഷ് ഗോപിയൊക്കെ സൂപ്പര്‍സ്‌റ്റാറാണോ?’ എന്ന് സന്തോഷ് പണ്ഡിറ്റ് കാച്ചിയത്.
മംഗളം വാരിക പുറത്തിറങ്ങിയ ഉടന്‍ സുരേഷ് ഗോപിയുടെ ആരാധകര്‍ പ്രതിഷേധം പ്രകടിപ്പിച്ചു. ചെങ്ങന്നൂരില്‍ സുരേഷ് ഗോപിയുടെ ആരാധകരായ ഓട്ടോഡ്രൈവര്‍മാര്‍ മംഗളം വാരികയുടെ 50 കോപ്പികള്‍ കത്തിച്ചു.
മംഗളം വാരികയുടെ ഓഫീസിലേക്ക് ആരാധകര്‍ വിളിച്ച് പ്രതിഷേധം അറിയിച്ച് കൊണ്ടിരിക്കുകയാനെന്ന് മംഗളം ദിനപ്പത്രം പറയുന്നു. എന്തായാലും, ആരാധകരുടെ പ്രതിഷേധം സന്തോഷ് പണ്ഡിറ്റിനെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട്.
"സത്യത്തില്‍ ഞാന്‍ സുരേഷ്‌ഗോപിയുടെ കടുത്ത ആരാധകനാണ്. സിനിമയില്‍ ചെറുതും വലുതുമായ എല്ലാ താരങ്ങളും എന്നെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ എന്നെ പിന്‍തുണച്ചത് സുരേഷ് ഗോപിയും സലിംകുമാറും മാത്രമാണ്."
“സൂപ്പര്‍സ്‌റ്റാര്‍ എന്ന സങ്കല്‍പ്പത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായമാണ് ആ അഭിമുഖത്തില്‍ പറയുന്നത്. അത് ഇത്രയും വലിയ വിമര്‍ശനങ്ങള്‍ക്കു വഴിതെളിച്ചതില്‍ വിഷമമുണ്ട്. സുരേഷ് ഗോപിയോടും അദ്ദേഹത്തിന്റെ ആരാധകരോടും മാപ്പ് ചോദിക്കുന്നു” - എന്നാണിപ്പോള്‍ സന്തോഷ് പണ്ഡിറ്റ് പറയുന്നത്.