സുരക്ഷാവീഴ്ച എന്‍ ഐ എ അറിയിച്ചിട്ടില്ല: ആഭ്യന്തരമന്ത്രി

കോഴിക്കോട്‌| WEBDUNIA| Last Modified ഞായര്‍, 27 ജൂണ്‍ 2010 (11:41 IST)
തീവ്രവാദക്കേസിലെ പ്രതികളെ കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന പൊലീസിന്‌ വീഴ്ച പറ്റിയെന്ന്‌ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) അറിയിച്ചിട്ടില്ലെന്ന്‌ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്‍ ഐ എ ഇക്കാര്യം അറിയിച്ചാല്‍ വേണ്‌ട നടപടി സ്വീകരിക്കും. വിഷയത്തില്‍ എന്‍ ഐ എയുടെ ഔദ്യോഗിക നിലപാട്‌ അറിഞ്ഞ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും കോടിയേരി പറഞ്ഞു.

ടോമിന്‍ തച്ചങ്കരി ഐ ജിയായിരിക്കേ ഗള്‍ഫില്‍ തീവ്രവാദ ബന്ധമുള്ളവരെ സന്ദര്‍ശിച്ചുവെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്‌ട്‌. തച്ചങ്കരി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരാണ് കത്ത് അയച്ചത്. അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ തുടര്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

തച്ചങ്കരി വിഷയത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്‌ സംസ്ഥാന സര്‍ക്കാരിന്‍റെയും ആഭ്യന്തരവകുപ്പിന്‍റെയും നിലപാടാണ്‌. കേന്ദ്രസര്‍ക്കാര്‍ തന്നെയാണ്‌ പ്രശ്നത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കേണ്‌ടതെന്നും കോടിയേരി പറഞ്ഞു.

തനിക്കെതിരായ കേസ്‌ രാഷ്ട്രീയ പ്രേരിതമാണെന്ന വീരേന്ദ്രകുമാറിന്‍റെ ആരോപണത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ കേസില്‍പ്പെടുന്നവര്‍ക്ക്‌ അങ്ങനെ തോന്നുന്നത്‌ സ്വാഭാവികമാണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. വീരേന്ദ്രകുമാറിനെതിരായി ഒരു പകപോക്കല്‍ നടപടിയുമില്ലെന്നും മന്ത്രി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :