സുരക്ഷാചുമതല സിബി മാത്യൂസിന് തന്നെ: ആഭ്യന്തരമന്ത്രി

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 23 ജൂലൈ 2010 (17:18 IST)
PRO
തീവ്രവാദ കേസുകള്‍ അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ആഭ്യന്തര സുരക്ഷാ ഏജന്‍സിയുടെ ചുമതല എ ഡി ജി പി സിബി മാത്യൂസിന് തന്നെയാണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഭ്യന്തര സുരക്ഷാ ഏജന്‍സിയുടെ ചുമതല ഇന്‍റലിജന്‍സ്‌ എഡിജിപി സിബി മാത്യൂസില്‍ നിന്ന്‌ മാറ്റി പകരം ക്രൈബ്രാഞ്ച്‌ എഡിജിപി വിന്‍സന്‍ എം പോളിനെ മേധാവിയായി തിരഞ്ഞെടുത്തു എന്ന വാര്‍ത്ത ആഭ്യന്തരമന്ത്രി നിഷേധിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി എന്ന വാര്‍ത്ത ശരിയല്ല. ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ ആശയക്കുഴപ്പം ഉണ്ടാക്കുന്ന വാര്‍ത്തകളാണ്‌ ഇത്തരത്തില്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു‌.

ആഭ്യന്തര സുരക്ഷാ ഏജന്‍സി രൂപീകരിക്കാന്‍ തീരുമാനമായ ശേഷം ഒമ്പത്‌ പുതിയ പോസ്റ്റുകള്‍ സൃഷ്ടിക്കുകയാണ്‌ സര്‍ക്കാര്‍ ചെയ്തത്. ഒരു എസ്പി, രണ്ടുവീതം ഡിവൈഎസ്‌പിമാര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, സബ്‌ ഇന്‍സ്പെക്ടര്‍മാര്‍, ഹെഡ്കോണ്‍സ്റ്റബിള്‍മാര്‍ എന്നീ തസ്തികകള്‍ പുതുതായി സൃഷ്ടിച്ചിട്ടുണ്ട്‌. ഇവര്‍ക്ക്‌ മറ്റു അധിക ചുമതലകള്‍ നല്‍കില്ലെന്നും ഈ സംഘം മറ്റു സാധാരണ കേസുകള്‍ അന്വേഷിക്കേണ്ടതില്ലെന്നും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

പുതുതായി ചുമതല ഏല്ക്കുന്നവരെ സഹായിക്കാന്‍ ലോക്കല്‍, ക്രൈം ബ്രാഞ്ച്‌ ഉദ്യോഗസ്ഥരെ വിട്ടുകൊടുക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇവര്‍ക്ക് തിരുവനന്തപുരത്ത്‌ പ്രത്യേക ഓഫീസ്‌ തുടങ്ങും. തിരുവനന്തപുരത്തും കോഴിക്കോടും കൊച്ചിയിലും ആയിരിക്കും ഇവര്‍ പ്രവര്‍ത്തിക്കുകയെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :