സുകുമാരന്‍ നായരുടെ ആരോപണത്തിന് പിന്നില്‍ ഊമക്കത്ത്
കൊച്ചി|
WEBDUNIA|
PRO
തന്റെ ഫോണ്‍ ചോര്‍ത്തുന്നു എന്ന എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ ആരോപണം ഊമക്കത്തിന്റെ അടിസ്ഥാനത്തിലാണെന്ന് റിപ്പോര്‍ട്ട്. ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് എഴുതുന്ന രീതിയിലുള്ള കത്താണ് സുകുമാരന്‍ നായര്‍ക്ക് ലഭിച്ചത്.
കത്ത് ലഭിച്ചപ്പോള്‍ തന്നെ ആ വിവരം സുകുമാരന്‍ നായര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും അറിയിച്ചിരുന്നു. ഊമക്കത്തിന്റെ അടിസ്ഥാനത്തിലല്ല, വിശ്വസനീയമായ കേന്ദ്രത്തില്‍ നിന്ന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് ഫോണ്‍ ചോര്‍ത്തുന്നതായി വെളിപ്പെടുത്തിയതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. എന്തായാലും ഈ വിഷയത്തില്‍ ഇപ്പോള്‍ കൂടുതലൊന്നും പറയാനില്ല എന്നും അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞ രണ്ട് മാസക്കാലമായി പൊലീസ് 140ലധികം ഫോണുകള്‍ ആഭ്യന്തരവകുപ്പിന്റെ അറിവോടെ ചോര്‍ത്തിയിരുന്നു. തീവ്രവാദ കേസുകളുമായി ബന്ധപ്പെട്ടാണ് ഫോണ്‍ കോളുകള്‍ ചോര്‍ത്തിയത്. എന്നാല്‍ സുകുമാരന്‍ നായരുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്തിയിട്ടില്ല എന്ന് ആഭ്യന്തരവകുപ്പ് അറിയിച്ചിട്ടുണ്ട്.
എന്തായാലും സുകുമാരന്‍ നായരുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഈ വിഷയത്തില്‍ ഐ ജി പത്മകുമാര്‍ അന്വേഷണം ആരംഭിക്കുകയാണ്.