സി‌പി‌എമ്മില്‍ നിന്ന് ശ്യാംസുന്ദര്‍ മുസ്ലീം ലീഗിലേക്ക്

Shyam Sundar
കൊച്ചി| WEBDUNIA|
PRO
PRO
സി‌പി‌എമ്മില്‍ നിന്ന് പുറത്തുവന്ന ഡിവൈഎഫ്‌ഐ മുന്‍ കേന്ദ്ര കമ്മറ്റി അംഗം സി ശ്യാംസുന്ദര്‍ ബുധനാഴ്ച മുസ്ലിം ലീഗില്‍ ചേരും. ഇതിനുള്ള അപേക്ഷ മുസ്ലിംലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിക്ക് ശ്യാംസുന്ദര്‍ നല്‍‌കിക്കഴിഞ്ഞു. ഭാരത്‌ ടൂറിസ്റ്റുഹോമില്‍ വച്ച് ചൊവ്വാഴ്ചയാണ് ശ്യാം‌സുന്ദര്‍ അപേക്ഷ സമര്‍പ്പിച്ചത്.

ശ്യാം‌സുന്ദറിനെ മുസ്ലീം ലീഗിലേക്ക് ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നതായി, അംഗത്വത്തിനുള്ള അപേക്ഷ സ്വീകരിച്ചതിന് ശേഷം കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലീം ലീഗില്‍ ചേരാനോ ഉന്നത സ്ഥാനങ്ങള്‍ വഹിക്കാനോ ജാതി-മത-വര്‍ഗ--വര്‍ണ വ്യത്യാസങ്ങള്‍ പ്രശ്നമല്ലെന്ന് സംഘടനയുടെ ഭരണഘടനയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മതനിരപേക്ഷതയുടെ കാര്യത്തില്‍ കര്‍ശനമായ നിലപാടാണ് മുസ്ലീം ലീഗിന്റേത്. ഇത് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടുതന്നെയാണ് രാജ്യത്തെ പല പ്രമുഖരും മുസ്ലീം ലീഗില്‍ ചേരാന്‍ പലപ്പോഴായി താല്‍‌പര്യം പ്രകടിപ്പിച്ചിട്ടുള്ളതെന്നും കുഞ്ഞാലിക്കുട്ടി പറയുകയുണ്ടായി.

മുസ്ലിം ലീഗ്‌ എറണാകുളം ജില്ലാ പ്രസിഡന്റ്‌ വി.കെ ഇബ്രാഹീംകുഞ്ഞ്‌ എംഎല്‍എ, ആലപ്പുഴ ജില്ലാ പ്രസിഡന്റ്‌ ഇസ്മായീല്‍ കുഞ്ഞ്‌ , ജനറല്‍ സെക്രട്ടറി എ. യൂസഫ്‌, വൈസ്പ്രസിഡന്റുമാരായ എം.എ അബൂബക്കര്‍ കു ഞ്ഞു , അഡ്വ.എ.എം അഷ്‌റഫ്‌, സെക്രട്ടറി മുജീബ്‌ വൈലിത്തറ, ട്രഷറര്‍ ഇര്‍ഷാദ്‌ എന്നിവര്‍ ഭാരത്‌ ടൂറിസ്റ്റുഹോമില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.

പാര്‍ട്ടിവിട്ടതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്നു പാര്‍ട്ടിയുടെ തൃക്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റി ചൊവ്വാഴ്ച ശ്യാംസുന്ദറിനോടു വിശദീകരണം ചോദിച്ചിരുന്നു. ശരിയാണെന്നു വിശദീകരണം നല്‍കിയതിനെ തുടര്‍ന്നു ലോക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്നു പുറത്താക്കാന്‍ ഏരിയ കമ്മിറ്റിയോടു ശുപാര്‍ശ ചെയ്യുകയും പാര്‍ട്ടി ശ്യാം‌സുന്ദറെ പുറത്താക്കുകയും ചെയ്തിരുന്നു.

ശ്യാം‌സുന്ദറിന്റെ രാജിയോടെ സി‌പി‌എമ്മിന് വീണ്ടും ഒരടി കിട്ടിയിരിക്കുകയാണ്. അബ്ദുല്ലക്കുട്ടിയുടെ പുറത്തുപോകലിലൂടെ ആരംഭിച്ച ഇടത്തരം നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണെന്നാണ് ശ്യാം‌സുന്ദര്‍ നല്‍കുന്ന സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :