കോട്ടയം|
ജോണ്‍ കെ ഏലിയാസ്|
Last Modified വെള്ളി, 18 സെപ്‌റ്റംബര്‍ 2015 (12:09 IST)
സിഎംസി കോണ്‍വെന്‍റില്‍ സിസ്റ്റര്‍ അമല കൊല്ലപ്പെട്ട് ഒരു ദിവസം കഴിഞ്ഞിട്ടും സംഭവത്തിലെ ദുരൂഹതയുടെ ചുരുളഴിയുന്നില്ല. മോഷണശ്രമത്തിനിടെയുള്ള കൊലപാതകമാകാം എന്ന് പൊലീസ് ഊഹിക്കുന്നുണ്ടെങ്കിലും അക്കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. വെറും 500 രൂപ മാത്രമാണ് മഠത്തില്‍ നിന്ന് കാണാതായിരിക്കുന്നത് എന്നത് സംശയങ്ങള്‍ സൃഷ്ടിക്കുകയാണ്. 500 രൂപയ്ക്ക് വേണ്ടി ഒരാള്‍ കൊലപാതകം ആസൂത്രണം ചെയ്യുമോ എന്ന സംശയമാണ് പ്രധാനമായും ഉയരുന്നത്.
എന്നാല്‍ 500 രൂപ കാണാതായിരിക്കുന്നത് കോണ്‍വെന്‍റിന്‍റെ രണ്ടാം നിലയിലെ ഒരു മുറിയില്‍ നിന്നാണ്. സിസ്റ്റര്‍ അമല താമസിക്കുന്നതാകട്ടെ മൂന്നാം നിലയിലെ മുറിയിലും. അതുകൊണ്ടുതന്നെ, അമലയുടെ മരണം മോഷണശ്രമത്തിനിടെയുണ്ടായതാണെന്ന നിഗമനം പൂര്‍ണമായും ശരിവയ്ക്കാനാവില്ല. സിസ്റ്റര്‍ അമലയുടെ നിലവിളിയോ മറ്റ് ശബ്ദങ്ങളോ അടുത്തുള്ള മുറികളില്‍ ഉണ്ടായിരുന്നവര്‍ പോലും കേള്‍ക്കാതിരുന്നതിന്‍റെ കാരണവും കണ്ടെത്തേണ്ടതുണ്ട്.
മറ്റൊരു പ്രധാനപ്പെട്ട വിവരം, സിസ്റ്റര്‍ അമല കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് സമാനമായ രീതിയില്‍ തന്നെ മഠത്തിലെ മറ്റൊരു കന്യാസ്ത്രീക്ക് നേരെ ആക്രമണമുണ്ടായി എന്നതാണ്. 72 വയസ്സുള്ള കന്യാസ്ത്രീയുടെ തലയ്ക്കാണ് ആക്രമണത്തില്‍ മുറിവേറ്റത്. രാത്രി ഉറങ്ങുമ്പോഴാണ് ഇവര്‍ക്കുനേരെ ആക്രമണമുണ്ടായതെന്നാണ് സൂചന. എന്നാല്‍, എങ്ങനെ മുറിവുണ്ടായി എന്ന് തനിക്ക് ഓര്‍മ്മയില്ലെന്നാണ് കന്യാസ്ത്രീ പറയുന്നത്. ഈ കന്യാസ്ത്രീയുടെ മുറിയിലെ തലയിണയില്‍ രക്തപ്പാടുകള്‍ പൊലീസ് കണ്ടെത്തി. കന്യാസ്ത്രീക്ക് ഓര്‍മ്മക്കുറവുള്ളതിനാല്‍ മറ്റുള്ളവരില്‍ നിന്ന് ഈ സംഭവത്തിന്‍റെ നിജസ്ഥിതി കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
‘വൃദ്ധരായ കന്യാസ്ത്രീകളെ ആക്രമിച്ച് കൊലപ്പെടുത്തുക എന്ന ലക്‍ഷ്യത്തോടെ ഒരു കൊലയാളി’ എന്ന ചിന്തയിലേക്ക് ഈ സംഭവം പൊലീസിനെ നയിച്ചേക്കാം. ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കേറ്റ പ്രഹരമാണ് സിസ്റ്റര്‍ അമലയുടെ മരണകാരണം. മോഷണമോ മറ്റ് കാര്യങ്ങളോ അല്ല കൊലയാളിയുടെ ലക്‍ഷ്യമെന്ന് കണ്ടെത്തിയാല്‍ വിചിത്രമായ മനോനിലയുള്ള ഒരു കൊലയാളിയുടെ കരങ്ങള്‍ ഈ സംഭവത്തിനുപിന്നിലുണ്ടെന്ന് സംശയിക്കാം.
കോണ്‍വെന്‍റിനുള്ളില്‍ നിന്ന് കൊലപാതകിക്ക് സഹായം ലഭിച്ചുവോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. കോണ്‍വെന്‍റ് നിവാസികളെ വിശദമായി ചോദ്യം ചെയ്യും. കൊലപാതകി എങ്ങനെയാണ് കോണ്‍വെന്‍റിനുള്ളില്‍ കടന്നതെന്ന് കൃത്യമായ ഒരു നിഗമനത്തിലെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. കോണ്‍വെന്റിന് മുന്‍ വശത്ത് മാത്രമാണ് ഉയരമുള്ള മതിലുണ്ട്. പിന്‍ഭാഗത്ത് ചെറിയ മതിലാണ് ഉള്ളത്. കോണ്‍വെന്‍റിന് പിന്നില്‍ ഒരു സ്വകാര്യ ആശുപത്രിയാണ്. ചെറിയ മതില്‍ ചാടിക്കടന്ന് കൊലപാതകി കോമ്പൌണ്ടിനുള്ളില്‍ വന്നാല്‍ത്തന്നെ കോണ്‍വെന്‍റിനുള്ളില്‍ പ്രവേശിക്കുക എളുപ്പമല്ല. അല്ലെങ്കില്‍ ജനാലയോ വാതിലോ തകര്‍ക്കണം. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല.
പിന്നീടുള്ള സാധ്യത, മൂന്നാം നിലയുടെ മേല്‍ക്കൂരയില്‍ കൂടി നടുത്തളത്തിലേക്ക് ഇറങ്ങുക എന്നതാണ്. എന്നാല്‍ അതിന്‍റെ തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. വേറൊരു സാധ്യത, രാവിലെ പ്രാര്‍ത്ഥനയ്ക്കുവേണ്ടി പോകുന്നതിനുമുമ്പ് വാതിലുകള്‍ തുറന്നിട്ടപ്പോള്‍ കൊലപാതകി അകത്തുകടന്നിരിക്കാം എന്നാണ്. പുലര്‍ച്ചെ രണ്ടരയോടെയാണ് സിസ്റ്റര്‍ അമല കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ കൊലപാതകി തലേദിവസം തന്നെ കോണ്‍വെന്‍റിനുള്ളില്‍ പ്രവേശിച്ചിരിക്കണം. എന്നാല്‍ സംഭവത്തിനുമുമ്പുള്ള മണിക്കൂറുകളില്‍ സിസ്റ്റര്‍ അമലയോ മറ്റ് അന്തേവാസികളോ അയാളെ കാണാതിരുന്നതെങ്ങനെ എന്നതിന് കൃത്യമായ ഉത്തരമില്ല.
മൃതദേഹം കിടന്ന മുറിയില്‍ നിന്ന് മണംപിടിച്ച് ഓടിയ പൊലീസ് നായ കോണ്‍വെന്‍റിന്‍റെ പിന്നില്‍ക്കൂടി ഓടി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ എത്തിയിരുന്നു. പ്രതി ഈ വഴി രക്ഷപ്പെട്ടിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്.