സിപിഐ സെക്രട്ടറിയേറ്റില്‍ പന്ന്യന് രൂക്ഷവിമര്‍ശനം

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സെക്രട്ടറിയേറ്റില്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് രൂക്ഷവിമര്‍ശനം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ വിലയിരുത്താതെയാണ് പന്ന്യന്‍ രവീന്ദ്രന്‍ മാണിയുമായി ബന്ധപ്പെട്ട പ്രസ്താവന നടത്തിയതെന്ന് സെക്രട്ടറിയേറ്റില്‍ വിമര്‍ശനമുയര്‍ന്നു.

കെ എം മാണിയോട് തൊട്ടുകൂടായ്മയില്ലെന്നും മുഖ്യമന്ത്രിയാകാന്‍ ഉമ്മന്‍ ചാണ്ടിയെക്കാള്‍ യോഗ്യന്‍ മാണിയാണെന്നുമുള്ള സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ പ്രസ്താവനയോടെയാണ് ഇടതുപാര്‍ട്ടികളും ചേര്‍ന്ന ബദല്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച ശക്തമാണെന്ന അഭ്യൂഹം പടര്‍ന്നത്.

പന്ന്യന്‍ രവീന്ദ്രന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമൊത്തുള്ള കൂടിക്കാഴ്ച നടന്നതും സിപിഎം അവൈലബിള്‍ സെക്രട്ടറിയേറ്റ് ചേര്‍ന്നതും അഭ്യൂഹങ്ങളെ ശക്തമാക്കുകയും ചെയ്തു. മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന പി സി ജോര്‍ജിന്റെ പ്രസ്താവനകളും കൂട്ടി വായിച്ച രാഷ്ട്രീയ നിരീക്ഷകര്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ താഴെയിറക്കി കെ എം മാണി മുഖ്യമന്ത്രിയാക്കിയുള്ള സര്‍ക്കാര്‍ നിലവില്‍ വരുമെന്ന് നിരീക്ഷിക്കുകയും ചെയ്തു.

എന്നാല്‍ ബദല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് സമയമായില്ലെന്നും ഉചിതമായ സമയത്ത് തീരുമാനമെടുക്കാമെന്നുമുള്ള നയമാണ് സിപിഎം സ്വീകരിച്ചത്. സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കില്ലെന്നും പാര്‍ട്ടി പ്രഖ്യാപിച്ചതോടെ പന്ന്യന്‍ രവീന്ദ്രന്റെ പ്രസ്താവന പരക്കെ വിമര്‍ശിക്കപ്പെട്ടു. പാര്‍ട്ടി സെക്രട്ടറിയേറ്റിലും ഇതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉണ്ടായത്. ബദല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ഇപ്പോള്‍ ശ്രമിക്കേണ്ടെന്നാണ് പാര്‍ട്ടി സെക്രട്ടറിയേറ്റ് തീരുമാനിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :