സിപിഎമ്മിന് എതിരായ മാധ്യമങ്ങളെ ആക്രമിച്ചിട്ടില്ല: പിണറായി

പാലക്കാട്| WEBDUNIA|
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്വേഷണത്തെ പാര്‍ട്ടി എതിര്‍ത്തിട്ടില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. രാഷ്ട്രീയമായി തീരുമാനിച്ച് പാര്‍ട്ടി പ്രവര്‍ത്തകരെ ബോധപൂര്‍വം പ്രതിയാക്കുന്നതിനെതിരെയാണ് സി പി എമ്മിന്റെ പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രശേഖരന്‍ വധത്തില്‍ യഥാര്‍ഥ പ്രതികളെ കണ്ടെത്തി അര്‍ഹമായ ശിക്ഷ നല്‍കണം. പാര്‍ട്ടി ഒരിക്കലും അന്വേഷണത്തെ തടസപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം മാധ്യമസ്വാതന്ത്ര്യത്തിനെതിരല്ല. എന്നാല്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള മാധ്യമങ്ങളുടെ നീക്കം അംഗീകരിക്കാനാവില്ല. കേസന്വേഷണം തെറ്റായ രീതിയില്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിനെ നിയമപരമായി നേരിടാനാണ് മാധ്യമങ്ങള്‍ക്കെതിരെ കോടതിയില്‍ പോയത്. ഓരോ മിനിറ്റിലും സിപിഎമ്മിനെ ആക്ഷേപിച്ച് വാര്‍ത്ത കൊടുത്തുകൊണ്ടിരിക്കുന്ന മാധ്യമങ്ങള്‍ ഉണ്ട്. എന്നാല്‍ ഇത്തരം മാധ്യമങ്ങളെ പാര്‍ട്ടി ഒരിക്കലും ആക്രമിച്ചിട്ടില്ല.
കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ആഭ്യന്തരമന്ത്രി കേസ് അന്വേഷണത്തില്‍ ഇടപെടുന്നത്. കേസ് നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് യുഡിഎഫ് ശ്രമിച്ചതെന്നും പിണറായി കുറ്റപ്പെടുത്തി.

ഒഞ്ചിയത്ത് പാര്‍ട്ടി വിട്ടവര്‍ തിരിച്ചുവരുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. ചന്ദ്രശേഖരന്‍ ഉള്‍പ്പടെയുള്ളവര്‍ തിരിച്ചുവരുന്ന കാര്യം ആലോചിച്ചിരുന്ന ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ കൊലപാതകം നടന്നത്. അതിനാല്‍ കൊലപാതകത്തിന് പിന്നില്‍ സി പി എമ്മാണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. അനേകം പേരുടെ ജീവരക്തത്തില്‍ നിന്ന് ഉയര്‍ന്നു വന്ന പാര്‍ട്ടിയെ ഒരുപോറലുമേല്‍പ്പിക്കാതെ ജനങ്ങള്‍ സംരക്ഷിക്കുമെന്നും പിണറായി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :