മുഖ്യമന്ത്രിയുടെ കുടുംബത്തെ കുറിച്ച് സഭയില്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് മൈക്ക് ഓഫ് ചെയ്ത സ്പീക്കറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. മരുമകനായിരുന്നയാളുടെ പരാതിയെപ്പറ്റി പറയാനാണ് ശ്രമിച്ചത്. നിയമസഭയില്‍ താന്‍ എന്ത് അസാധാരണ നടപടിയാണ് കാണിച്ചതെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ചോദിച്ചു.
മുഖ്യമന്ത്രി സഹായിയായ സലീം രാജിനെ രക്ഷിക്കാന്‍ വ്യഗ്രത കാട്ടുന്നതിനെ കുറിച്ച് പറയാനായിരുന്നു താന്‍ ഇന്ന് സഭയില്‍ ശ്രമിച്ചതെന്നും എന്നാല്‍ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്യുകയായിരുന്നെന്നും വിഎസ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ മൂത്ത മകളുടെ ഭര്‍ത്താവായിരുന്ന ആള്‍ തിരുവനന്തപുരം കുടുംബ കോടതിയില്‍ വിവാഹമോചന ഹരജിക്കൊപ്പം കൊടുത്ത സത്യവാങ്മൂലത്തില്‍ സലീം രാജ് സ്വഭാവ ദൂഷ്യമുള്ള ആളാണെന്ന് പറഞ്ഞിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ വീട്ടിലെ താമസം സലീം രാജ് ഒഴിവാക്കണമെന്നും ഇയാള്‍ സ്ത്രീലമ്പടനായ വ്യക്തിയാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരെ നടപടിയെടുക്കാനോ സര്‍വീസില്‍ നിന്ന് പുറത്താക്കാനോ മുഖ്യമന്ത്രി തയ്യാറായില്ല. സരിതയുമായി ബന്ധമുള്ള സലിം രാജിനെ സംരക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ നടപടി ദുരൂഹമാണ്.
എല്ലാ കാര്യത്തിലും സുതാര്യതയെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രിയുടെ സുതാര്യതയാണ് ഇപ്പോള്‍ കാണുന്നത്. ഇക്കാര്യം സഭയില്‍ പറഞ്ഞ് തുടങ്ങുന്നതിന് മുന്‍പ് തന്നെ സ്പീക്കര്‍ ജനാധിപത്യ വിരുദ്ധമായി മൈക്ക് ഓഫ് ചെയ്തു. മുഖ്യമന്ത്രിയുടെ കുടുംബത്തെ കുറിച്ച് സഭയില്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് മൈക്ക് ഓഫ് ചെയ്ത സ്പീക്കറുടെ നടപടി ജനാധിപത്യ വിരുദ്ധവും സേഛാധിപത്യപരവുമാണെന്ന് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.
ജോസ് തെറ്റയിലിന്റെ രാജിക്കാര്യത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് രാജിക്കാര്യം തീരുമാനിക്കേണ്ടത് തെറ്റയില്‍ തന്നെയാണെന്നും ജനാധിപത്യ ബോധമുള്ള ആളാണ് തെറ്റയിലെന്നുമായിരുന്നു വിഎസിന്റെ പ്രതികരണം. ആരുടെയും സമ്മര്‍ദം ഇല്ലാതെ തന്നെ രാജിക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്. തെറ്റയിലിനെതിരെയുള്ള വീഡിയോ കണ്ടില്ലെന്നും വിഎസ് പറഞ്ഞു.