സമരത്തില്‍ നിന്ന് തിയേറ്റര്‍ ഉടമകള്‍ പിന്മാറി

കൊച്ചി| WEBDUNIA|
മെയ് ഒന്നുമുതല്‍ നടത്താനിരുന്ന സമരത്തില്‍ നിന്ന് സംസ്ഥാനത്തെ തിയേറ്റര്‍ ഉടമകള്‍ പിന്മാറി. ഇന്ന് ഉച്ചയ്ക്കു ശേഷം ചേര്‍ന്ന തിയേറ്റര്‍ ഉടമകളുടെ സംഘടനയായ എക്സിബിറ്റേഷന്‍സ്‌ ഫെഡറേഷന്‍റെ എക്സിക്യുട്ടീവ്‌ യോഗത്തിലാണ്‌ തീരുമാനം.

പഴയ മാനദണ്ഡങ്ങള്‍ അനുസരിച്ചാണെങ്കില്‍ പുതിയ ചിത്രങ്ങളുടെ റിലീസിങ്‌ തടസപ്പെടില്ലെന്ന്‌ സംഘടനാ പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. വിതരണക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

നേരത്തെ ശനിയാഴ്ച യോഗം ചേര്‍ന്നിരുന്നെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് യോഗം ചേര്‍ന്നത്. 'ഹോള്‍ഡ് ഓവര്‍' കണക്കാക്കുന്നത് സംബന്ധിച്ച തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പിലെത്താന്‍ കഴിയാതിരുന്നതാണ് ചര്‍ച്ചകളെ പകുതി വഴിയില്‍ ശനിയാഴ്ച അവസാനിപ്പിച്ചത്.

തീയേറ്ററില്‍ നിന്ന് മാറുന്നതിനു മുമ്പ് കളക്ഷന്‍ കണക്കുകൂട്ടുന്നതിനാണ് ഹോള്‍ഡ് ഓവര്‍ എന്നു പറയുന്നത്. ഇപ്പോള്‍ നൂണ്‍ ഷോ ഒഴികെ മൂന്ന് ഷോയുടെ വരുമാനമാണ് ഹോള്‍ഡ് ഓവറിന് കണക്കുകൂട്ടുന്നത്. ഇത് നാല് ഷോയുടേതുമാക്കണമെന്നായിരുന്നു വിതരണക്കാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇന്നു ചേര്‍ന്ന യോഗത്തില്‍ ഇക്കാര്യം അംഗീകരിച്ചില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :