മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ ആക്രമണം നടത്തിയതിന് പൊലീസ് അറസ്റ്റു ചെയ്ത ബിഹാര്‍ ഗയ സ്വദേശി സത്‌നാം സിംഗ് മാന്‍ മര്‍ദ്ദനമേറ്റാണ് മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നാണ് ഇയാള്‍ക്ക് മര്‍ദ്ദനമേറ്റതെന്നാണ് നിഗമനം. തലയ്ക്കും കഴുത്തിനുമേറ്റ ക്ഷതമാണ് മരണത്തിലേക്ക് നയിച്ചതെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
ശരീരത്തില്‍ 29 അടികൊണ്ട പാടുകള്‍ കണ്ടെത്തി. ശനിയാഴ്ച രാത്രി സഹതടവുകാരനുമായി ബിഹാറുകാരന്‍ സംഘട്ടനമുണ്ടാക്കിയെന്നും മൊഴിയുണ്ട് ഇതാണോ മരണകാരണമെന്നും പൊലീസ് അന്വേഷിക്കും. സത്നത്തിന്റെ മരണം സംബന്ധിച്ച് അന്വേഷണം ക്രൈംബ്രാഞ്ചിന് ഏറ്റെടുത്തിരുന്നു.
കഴിഞ്ഞ ബുധനാഴ്ച ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നതിനിടെയാണ് അമൃതാനന്ദമയിക്കു നേരെ ആക്രമണമുണ്ടായത്. വധശ്രമത്തിന് കേസെടുത്തതിനെ തുടര്‍ന്ന് കോടതി ഇയാളെ റിമാന്‍ഡ് ചെയ്ത് ജില്ലാ ജയിലിലേക്ക് അയച്ചു. മാനസിക വിഭ്രാന്തി കാട്ടിയ ഇയാള്‍ ജില്ലാ ജയിലില്‍ ഒപ്പമുള്ള പ്രതികളെ ആക്രമിക്കാന്‍ തുടങ്ങി. ഇതിനാല്‍ ജയില്‍ അധികൃതര്‍ വ്യാഴാഴ്ച ജില്ലാ ആശുപത്രിയിലേക്കും അവിടെ നിന്ന് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്കും റഫര്‍ ചെയ്യുകയായിരുന്നു.
ശനിയാഴ്ച രാത്രിയാണ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന സത്‌നാം സിംഗ് മാനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.