പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ചിക്കുന്‍ ഗുനിയ പടര്‍ന്ന് പിടിക്കുന്നു. ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിട്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് ചിക്കുന്‍ഗുനിയ സ്ഥിരീകരിച്ചത്.
നാല് ജില്ലകളില്‍ നിന്നും 70 രക്ത സാമ്പിളുകളാണ് ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിട്യൂട്ടില്‍ പരിശോധിച്ചത്. പത്തനംതിട്ട ജില്ലയില്‍ 11പേര്‍ക്ക് കൂടി ചിക്കുന്‍ഗുനിയ സ്ഥിരീകരിച്ചപ്പോള്‍ ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ നിന്നും ഒരാള്‍ക്ക് വീതവും കോട്ടയം ജില്ലയിലെ രണ്ടു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ആലപ്പുഴ ജില്ലയില്‍ കഴിഞ്ഞ വര്‍ഷം ചിക്കുന്‍ഗുനിയ പടര്‍ന്ന് പിടിച്ച ചേര്‍ത്തലയിലാണ് ഇപ്പോഴും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിലെ ഒമ്പത് രക്ത സാമ്പിളുകള്‍ പരിശോധിച്ചതില്‍ ആര്‍ക്കും ചിക്കുന്‍ഗുനിയ പിടിപെട്ടിട്ടില്ലെന്ന് സ്ഥിരികരിച്ചു.ഈ മാസം 15 മുതല്‍ 22 വരെയുള്ള തീയതികളില്‍ കിട്ടിയ രക്തസാമ്പിളുകളില്‍ നിന്ന് രണ്ടു പേര്‍ക്ക് ഡങ്കിപ്പനി ബാധിച്ചതായി കണ്ടെത്തി.
കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഡങ്കിപ്പനി സ്ഥിരീകരിച്ചത്. ആലപ്പുഴയിലെ എടത്വായില്‍ ഒരാള്‍ക്ക് ജപ്പാന്‍ ജ്വരം ബാധിച്ചതായും വൈറോളജി ഇന്‍സ്റ്റിട്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞു.