aparna|
Last Modified ഞായര്‍, 17 സെപ്‌റ്റംബര്‍ 2017 (12:29 IST)
സംസ്ഥാനത്ത് കനത്ത
മഴ തുടരുന്നു. രണ്ട് ദിവസമായി ആരംഭിച്ച മഴ സംസ്ഥാനത്ത് പലയിടങ്ങളിലായി വന്‍ നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. പാലക്കാട് അട്ടപ്പാടിയില്‍ വെള്ളക്കെട്ടില്‍ വീണ് കുട്ടി മരിച്ചു. മൂന്നാം ക്ലാസുകാരിയായ ആതിരയാണ് മരിച്ചത്. കക്കൂസിനായി എടുത്ത കുഴിയില്‍ ആതിര വീഴുകയായിരുന്നു. ആരും അറിഞ്ഞിരുന്നില്ല.
സംസ്ഥാനത്തും ലക്ഷദ്വീപിലും 21 വരെ വ്യാപകമായി മഴ പെയ്യുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇടിയോടു കൂടിയുള്ള മഴയാണ് സംസ്ഥാനത്തെങ്ങുമുള്ളത്. രാജ്യമെങ്ങും അടുത്തയാഴ്‌ചയോടെ മൺസൂൺ ഒരു വട്ടം കൂടി ശക്‌തമാകുമെന്നാണ് കാലാവസ്‌ഥാ പ്രവചനം. കനത്ത മഴയിൽ പലയിടത്തും ഉരുൾപൊട്ടി. അട്ടപ്പാടി ആനക്കല്ലില്‍ ഇന്നു പുലര്‍ച്ചെ ഉരുള്‍പൊട്ടി. നാലു വീടുകള്‍ ഭാഗികമായി തകര്‍ന്നു. വ്യാപകകൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൊച്ചിയിൽ ഇന്നലെ രാത്രി പെയ്ത മഴയിൽ പലയിടത്തും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. 16 ശതമാനമാണു സംസ്‌ഥാനത്തെ മഴക്കുറവ്.