സംസ്ഥാനത്തിന്‍റെ പൊതുകടം 61653 കോടി

തിരുവനന്തപുരം| WEBDUNIA| Last Modified വ്യാഴം, 19 ഫെബ്രുവരി 2009 (12:06 IST)
കേരളത്തിന്‍റെ പൊതുകടം 61653 കോടിയായെന്ന് സംസ്ഥാന ബജറ്റിനു മുന്നോടിയായി പുറത്തിറക്കുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്‌. ഈ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചു. മുന്‍‌വര്‍ഷത്തെ അപേക്ഷിച്ച് 11.27 ശതമാനം വര്‍ദ്ധിച്ചാണ് പൊതുകടം 61653 കോടിയിലെത്തിയത്.

2007-2008 വര്‍ഷത്തെ റവന്യൂകമ്മി 3367 കോടി രൂപയാണ്‌. സംസ്‌ഥാനത്തിന്‍റെ മൊത്തം ആഭ്യന്തര ഉത്‌പാദനത്തിന്‍റെ 2.04 ശതമാനമാണ് ഇത്. റവന്യൂകമ്മിയില്‍ 0.25 ശതമാനം കുറവ് വന്നിട്ടുണ്ട്. ധനക്കമ്മിയില്‍ 2.3 ശതമാനം കുറവു രേഖപ്പെടുത്തിയിട്ടുണ്ട്. 5565.67 കോടി രൂപയാണ് ധനകമ്മി. ആഭ്യന്തര ഉത്പാദനത്തിന്‍റെ 3.6 ശതമാനമാണിത്.

റവന്യൂ വരുമാനം 24935.72 കോടിയാണ്. ഇതില്‍ 18.14 ശതമാനം വര്‍ദ്ധനയാണുള്ളത്‌. നികുതി വരുമാനം 15.45 ശതമാനം കൂടിയതിനാല്‍ 15780.85 കോടി രൂപയാണ് നേട്ടമായത്. നികുതിയേതര വരുമാനത്തില്‍ 29 ശതമാനത്തിന്‍റെ വര്‍ദ്ധനവുണ്ടായി. സംസ്ഥാനത്തിന്‍റെ ആഭ്യന്തര ഉത്പാദനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 0.7 ശതമാനം കുറഞ്ഞ് 10.4 ശതമാനത്തിലെത്തി.

കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതി മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മോശമാണെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പറയുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ആഭ്യന്തര ഉത്പാദനത്തിലെ ഉണര്‍വിന് പ്രാമുഖ്യം കൊടുക്കുമെന്നും കാര്‍ഷിക മേഖലയിലേക്ക് കൂടുതല്‍ ശ്രദ്ധ​കൊടുക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാന ആസൂത്രണ കമ്മീഷനാണ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :