വരള്‍ച്ചാക്കെടുതി ധനസഹായമായി സംസ്ഥാനത്തിന് 39.97 കോടി രൂപ ലഭിയ്ക്കും. വരള്‍ച്ച പഠിയ്ക്കാന്‍ സംസ്ഥാനം സന്ദര്‍ശിച്ച കേന്ദ്രസംഘത്തിന്‍റെ ശുപാര്‍ശ കേന്ദ്ര കൃഷി, ജലവിഭവ മന്ത്രാലയങ്ങളുടെ സംയുക്ത സമിതി അംഗീകരിച്ചു. സമിതിയുടെ തീരുമാനം ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ദുരന്തനിവാരണ വകുപ്പിന് കൈമാറി. ദേശീയ അടിയന്തര ദുരിതാശ്വാസ നിധിയില്‍നിന്ന് 164.67 കോടി രൂപയായിരുന്നു സംസ്ഥാനം വരള്‍ച്ചാ ദുരിതാശ്വാസ സഹായമായി ആവശ്യപ്പെട്ടിരുന്നത്.
കൃഷി മന്ത്രാലയം ജോയിന്റ് ഡയറക്ടര്‍ അതനു പുര്‍കയസ്‌തയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘമാണു കഴിഞ്ഞ മാസം സംസ്ഥാനം സന്ദര്‍ശിച്ചു നാശനഷ്ടങ്ങള്‍ വിലയിരുത്തിയത്. സഹായത്തിന്റെ സിംഹഭാഗവും കുടിവെള്ളമെത്തിക്കുന്നതിനും ശുദ്ധജല പദ്ധതികള്‍ക്കുമാണ്.
ജലക്ഷാമമേഖലകളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് 28.14 കോടി രൂപയും വിളനാശത്തിന് 4.76 കോടിയും ദേശീയ ഗ്രാമീണ ശുദ്ധജല പദ്ധതിക്ക് 6.95 കോടിയുമാണു സംഘം ശുപാര്‍ശ ചെയ്‌തിരുന്നത്. ആലിപ്പഴമഴ കാരണമുണ്ടായ നാശനഷ്ടങ്ങള്‍ക്കു 12 ലക്ഷം രൂപ നല്‍കും.
14 ജില്ലകളെയും വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ച ശേഷമാണു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ടത്