ശ്രീനാഥിന്‍റെ മരണം അന്വേഷിക്കും: കോടിയേരി

തിരുവനന്തപുരം| WEBDUNIA|
PRO
നടന്‍ ശ്രീനാഥിന്‍റെ മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. ഇതിന് നിര്‍ദ്ദേശം നല്‍കിയതായും ആഭ്യന്തരമന്ത്രി പറഞ്ഞു. ശ്രീനാഥിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ശ്രീനാഥിന്‍റെ സഹോദരന്‍ സത്യനാഥും മറ്റ് ബന്ധുക്കളും ഇന്ന് കോടിയേരിയെ സന്ദര്‍ശിച്ചിരുന്നു.

ശ്രീനാഥിന്‍റെ സഹോദരന്‍ നല്‍കിയ പരാതി ആഭ്യന്തരമന്ത്രി ഡി ജി പിക്ക് കൈമാറിയിട്ടുണ്ട്. ഇക്കഴിഞ്ഞ 23നാണ് ശ്രീനാഥിനെ കോതമംഗലത്തുള്ള മരിയ ഇന്‍റര്‍‌നാഷണല്‍ ഹോട്ടലിലെ ഒരു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം തന്നെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി സഹോദരന്‍ സത്യനാഥും ശ്രീനാഥിന്‍റെ ഭാര്യ ലതയും രംഗത്തെത്തിയിരുന്നു.

ശ്രീനാഥ്‌ ആത്മഹത്യ ചെയ്തതാണെന്ന്‌ കരുതുന്നില്ലെന്നാണ് സത്യനാഥ് ആരോപിച്ചത്. അമ്മയുടെ ചില ഭാരവാഹികള്‍ ശ്രീനാഥിനെ ഭീഷണിപ്പെടുത്തിയിരുന്നു. ‘അമ്മ’യില്‍ അംഗത്വമില്ലെങ്കില്‍ ‘ശിക്കാര്‍’ സിനിമയില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടാകുമെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. സിനിമയുടെ നിര്‍മ്മാതാവോ സംവിധായകനോ മരണവിവരം അറിയിച്ചില്ല. ശ്രീയേട്ടന്‍ ആത്മഹത്യ ചെയ്യില്ലെന്ന്‌ നൂറു ശതമാനവും തങ്ങള്‍ക്ക്‌ ഉറപ്പുണ്ട്‌. വേറെ ആരെങ്കിലും ചെയ്തതാണോ അല്ലെങ്കില്‍ പ്രേരിപ്പിച്ചതാണോ എന്ന്‌ വ്യക്തമാകണം.

‘ശിക്കാര്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് ശ്രീനാഥ് കോതമംഗലത്തെത്തിയത്. എന്നാല്‍ ആത്മഹത്യക്കുള്ള സാഹചര്യങ്ങള്‍ ഇല്ലായിരുന്നു. ശ്രീനാഥ് മരിച്ച വിവരം വിളിച്ചറിയിക്കാനുള്ള മര്യാദ പോലും ശിക്കാര്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കാണിച്ചില്ലെന്നും സത്യനാഥ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :